തീരദേശ സംരക്ഷണം:കേന്ദ്ര ബഡ്ജറ്റ് ‘ആമ’യിലൊതുങ്ങി, കേരളം ഫണ്ടില്ല പല്ലവിയില്‍, ഈ വര്‍ഷവും കടലാക്രമണ ആശങ്കയില്‍ തീരദേശവാസികള്‍

കാസര്‍കോട് : വരാനിരിക്കുന്ന കാലവര്‍ഷം കടലോര വാസികളെ ഭയപ്പെടുത്തുന്നു. മഴയെതുന്നതോര്‍ത്തു ഇവര്‍ക്ക് നെഞ്ചിടിപ്പ് വര്‍ദ്ധിക്കുന്നു. വീട് നഷ്ടപ്പെട്ടവര്‍, ജീവന്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍, സ്ഥലം നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വര്‍ഷവും തീരദേശ ജനതപറയുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണാന്‍ വര്‍ഷങ്ങളായി തീരദേശ ജനത അധികൃതരെ കാണുന്നു, നിവേദനങ്ങള്‍ നല്‍കുന്നു, മന്ത്രിമാരെയും ജനപ്രതിനിധികളെയും കാണുന്നു.

ജില്ലാ ഭരണകൂടവും, റവന്യൂ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുപോകുന്നു. എന്നാല്‍ സമഗ്രമായ തീര സംരക്ഷണത്തിനായുള്ള ശാസ്ത്രീയ പദ്ധതികളൊന്നും പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകുന്നില്ല. ഈ അവസ്ഥ തീരദേശവാസികളുടെ സങ്കടവും, ആശങ്കയും അതിരൂക്ഷമാക്കിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞവര്‍ഷം കാസര്‍കോട് ജില്ലയില്‍ കടലാക്രമണം നേരിടാത്ത തീരപ്രദേശങ്ങളില്ല. മഞ്ചേശ്വരം മുതല്‍ വലിയപറമ്പ് വരെയുള്ള തീര പ്രദേശങ്ങള്‍ കടല്‍ ആക്രമിച്ചു. മഞ്ചേശ്വരം കണ്വതീര്‍ത്ഥ, ഉപ്പളയിലെ വിവിധ പ്രദേശങ്ങള്‍, കുമ്പള കോയിപ്പാടി, മൊഗ്രാല്‍ നാങ്കി, കാവുഗോളി, ചേരങ്കൈ, കീഴൂര്‍, ചെമ്പരിക്ക, ഉദുമ, തൃക്കണ്ണാട്, കോട്ടിക്കുളം, അജാനൂര്‍, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തോണികള്‍, വലകള്‍ നശിച്ചു. തെങ്ങുകള്‍ കടപ്പുഴകി വീണു. സ്ഥലങ്ങള്‍,തീരദേശ റോഡുകള്‍ എല്ലാം കടലെടുത്തു. എല്ലാം കണ്ടു കണ്ണീര്‍വാര്‍ക്കാനേ തീരദേശവാസികള്‍ക്കായുള്ളൂ. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് അവര്‍ റോഡില്‍ കുത്തിയിരുന്നു. അധികൃതര്‍ നല്‍കിയ ഉറപ്പും,സന്ദര്‍ശനവും വെറുതെയാണെന്ന് ഇപ്പോള്‍ അവര്‍ക്കു ബോധ്യപ്പെട്ടു. ഇരിഗേഷന്‍-ഫിഷറീസ് വകുപ്പുകളുടെ ഒപ്പിക്കല്‍ പദ്ധതികള്‍ക്കു കടലാക്രമണത്തെ ചെറുക്കാന്‍ കഴിയുന്നുമില്ല.അവര്‍ പരീക്ഷിച്ച് പരാജയപ്പെട്ട ജിയോബാഗും,കരിങ്കല്‍ കൊണ്ടുള്ള ഭിത്തിയും നിര്‍മ്മിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു .
‘ടെട്രോപോഡു’കള്‍ കൊണ്ടുള്ള ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇത് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതി കൂടിയാണ്.എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് അധികൃതര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page