നാരായണന്‍ പേരിയ
ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തേഴ് ആഗസ്റ്റ് പതിനാലാം തീയ്യതി രാത്രി ഭാരതതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ യൂണിയന്‍ ജായ്ക്ക് എന്ന ഇംഗ്ലീഷ് കൊടി താഴ്ത്തപ്പെട്ടു. അതേസമയത്തു തന്നെ സ്വതന്ത്രഭാരതത്തിന്റെ ദേശീയ പതാക -മധ്യഭാഗത്ത് അശോക ചക്രം അങ്കനം ചെയ്യപ്പെട്ടിട്ടുള്ള- മൂവര്‍ണ്ണക്കൊടി ഉയര്‍ത്തപ്പെട്ടു.
വൈസ്രോയി മൗണ്ട് ബാറ്റല്‍പ്രഭു, ആ നിമിഷം തൊട്ട് ഇന്ത്യയുടെ ചക്രവര്‍ത്തി അല്ലാതായിക്കഴിഞ്ഞ ബ്രിട്ടീഷ് രാജാവിന്റെ സന്ദേശം വായിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിയുമായി നാം ഒരു കരാറിലേര്‍പ്പെട്ടിരുന്നു. ആ കരാര്‍ നിറവേറ്റാനുള്ള സമയം സമാഗതമായിരിക്കുന്നു. നാം അത് നിറവേറ്റുന്നു. നട്ടപ്പാതിരാ നേരത്തോടെ ചടങ്ങുകളെല്ലാം പൂര്‍ത്തിയായി.
അടുത്തത്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ ഭരണഘടന അംഗീകരിക്കല്‍. ഇന്ത്യക്കാര്‍ക്കുവേണ്ടി, ഇന്ത്യക്കാര്‍ തന്നെ ഉണ്ടാക്കിയ ഭരണഘടന. നാം തന്നെ നമ്മെ ഭരിക്കുന്നതിനുള്ള സംവിധാനം. 1946ല്‍ത്തന്നെ ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. എങ്കിലും അത് പരമാധികാര സ്ഥാപനമായിരുന്നില്ല. പലപരിമിതികളും അതിന് ഉണ്ടായിരുന്നു. അതെല്ലാം പരിഹരിക്കപ്പെട്ടു. ഭാരതത്തെ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി വിളംബരപ്പെടുത്താനും, അതിന്റെ ഭാവി ഭരണത്തിനുമായി ഒരു ഭരണഘടന എഴുതിയുണ്ടാക്കി ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനുമായി തീരുമാനമെടുത്തു. ഭരണഘടന എഴുതിയുണ്ടാക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷന്‍ ഡോ. ബി ആര്‍ അംബേദ്കര്‍. അദ്ദേഹത്തെ സഹായിക്കാന്‍ നിയമജ്ഞരുടെ ഒരു സംഘം. എഴുതിത്തയ്യാറാക്കിയ കരട് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസ്സാക്കി.
ലോകത്തിലേയ്ക്കും വെച്ച് ഏറ്റവും വലിയ ഭരണഘടനയാണത്രേ നമ്മുടേത്. വലിപ്പം മാത്രമല്ല. സങ്കീര്‍ണ്ണതയും നമ്മുടെ ഭരണഘടനയ്ക്കുണ്ട്. അതും ഒരു സവിശേഷത. നമുക്ക് സ്വന്തം; അയവില്ലാത്തതും; എന്നാല്‍ അയവുള്ളതും. റിജിഡ് ആന്റ് ഫ്‌ളക്‌സിബിള്‍- എന്നാണ് നമ്മുടെ ഭരണഘടനയെക്കുറിച്ച് പറയാറുള്ളത്- റിജിഡിറ്റിയും ഫ്ക്‌സിബിലിറ്റിയും ഉള്ളത്.
ഭരണഘടനയുടെ കരട് എഴുതിത്തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷന്‍ ഡോ. അംബേദ്കര്‍ പറഞ്ഞത്: ഇന്ത്യയില്‍ ജനാധിപത്യം വെറും പുറംമോടി- പകിട്ട്- മാത്രം. നമ്മുടെ മണ്ണ് അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധതയുടേതാണ്. ജനാധിപത്യം പോലും പുറം പകിട്ടായി നില്‍ക്കുന്ന ഇന്ത്യയില്‍ നിരന്തര പരിശ്രമത്തിലൂടെ പരിശീലിപ്പിച്ചെടുക്കേണ്ടുന്ന ഒന്നാണ് ഭരണഘടനാ സംസ്‌ക്കാരം എന്ന് ഡോ. അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്.
സമീപകാലത്ത് നമ്മുടെ പാര്‍ലിമെന്റിലും സംസ്ഥാന നിയമസഭകളിലും നടക്കുന്ന പൊറാട്ട് നാടകങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ഇതെല്ലാം ഓര്‍ത്തത്. സഭയില്‍ എന്തെല്ലാം പറയാം, പറയാന്‍ പാടില്ല എന്ന് വ്യക്തമായ ചട്ടങ്ങളുണ്ടത്രേ.
എന്നാല്‍, ചട്ടങ്ങളെല്ലാം ചട്ടക്കൂട്ടിലൊതുക്കി പൂട്ടിവെയ്ക്കാനുള്ളതാണല്ലോ. പാര്‍ലിമെന്റംഗങ്ങള്‍ക്ക്- (സംസ്ഥാന അസംബ്ലി അംഗങ്ങള്‍ക്കും) സഭയില്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഭരണഘടനയുടെ മറ്റ് വകുപ്പുകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിരിക്കും എന്നും പറയുന്നു. സ്വാതന്ത്ര്യം ഉണ്ടെന്ന്. അതിന് പരിധിയും, പരിമിതിയും ഉണ്ടെന്നും, ഇത് ആരാണ് തീരുമാനിക്കുക? സഭാധ്യക്ഷന്‍. ഒരംഗം സഭയില്‍ പ്രസംഗിക്കുമ്പോള്‍, ഒരു കാര്യം പരാമര്‍ശിക്കുമ്പോള്‍, അത് പറയാന്‍ പാടില്ല എന്ന് സഭാധ്യക്ഷന്‍ വിലക്കിയാല്‍, അതെന്ത് അഭിപ്രായപ്രകടനസ്വാതന്ത്ര്യമാണ്?
സ്വാതന്ത്ര്യം അനിയന്ത്രിതമല്ല; ആകരുത് അതിര് കടക്കരുത്, ശരി തന്നെ. ആരാണ് അതിര് നിശ്ചയിക്കുന്നത്? സഭാധ്യക്ഷന്‍. അദ്ദേഹം ആകാശത്ത് നിന്ന് പൊട്ടി വീണതല്ല. ഭരണകക്ഷിയില്‍പ്പെട്ട ആളാണ്. അവര്‍ നിശ്ചയിച്ച വ്യക്തി. അപ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷം പറയുന്നതെന്തും തെറ്റായിക്കാണാനുള്ള മനോഭാവമുണ്ടാകും. അത് സഹജ സ്വഭാവം.
ലോക്‌സഭയുടെ സെക്രട്ടറി ജനറല്‍ പദവി വഹിച്ചിരുന്ന ഭരണഘടനാ വിദഗ്ദ്ധനായ, പി ഡി ടി ആചാരി പറയുന്നു: പലപ്പോഴും സഭയില്‍ ഭരണകക്ഷിയിലെ അംഗങ്ങള്‍ ക്ഷുഭിതരായി പ്രതിപക്ഷാംഗങ്ങളുടെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുമ്പോള്‍ അപ്പോള്‍ത്തന്നെ സഭാധ്യക്ഷന്‍ നീക്കം ചെയ്യുന്നത് കാണാം. (പറയാനല്ലേ പാര്‍ലിമെന്റ്)- എന്ന ലേഖനം. (മാതൃഭൂമി 17-02-2026).
സഭയില്‍ നടത്തുന്ന പ്രസംഗത്തിലെ ചില വാക്കുകള്‍- അപകീര്‍ത്തികരമായ വാക്കുകളോ, അശ്ലീല പരാമര്‍ശങ്ങളോ, പാര്‍ലിമെന്ററിയല്ലാത്ത, അന്തസ്സില്ലാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനേ ചട്ടങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ. എന്നാല്‍ വാചകങ്ങള്‍ മാത്രമല്ല, പാരഗ്രാഫുകള്‍ പോലും പാടേ ഒഴിവാക്കപ്പെടുന്നു. സഭാധ്യക്ഷന്‍ ഉത്തരവിടുന്നു.
പറയാനല്ലേ പാര്‍ല്ലിമെന്റ് എന്ന് പി ഡി ടി ആചാരി. അല്ല, പറയാതിരിക്കാനും പാര്‍ലിമെന്റും നിയമസഭകളും ഡസ്‌ക്കില്‍ക്കയറി നിന്ന് കോപ്രായം കാട്ടാനും കൂക്കി വിളിക്കാനും. ഒന്നും പറഞ്ഞില്ലെങ്കിലെന്ത്? കിട്ടേണ്ടത് കിട്ടിയാല്‍പ്പോരേ? അത് എന്തെന്ന് വ്യക്തമല്ലേ? സിറ്റിങ് ഫീസ് -ഇരിപ്പ് കൂലി! ബഹളക്കൂലി!
ഡോ. അംബേദ്ക്കര്‍ ഇതൊന്നും കാണേണ്ടി വന്നില്ല! ഭാഗ്യവാന്‍! നേരത്തേ യാത്രയായി…







