കോഴിക്കോട്: കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടല്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായി പരാതി. കോഴിക്കോട് മിംസ് ആശുപത്രിക്ക് മുന്‍വശത്തുള്ള ‘അളിയന്‍സ്’ ഹോട്ടലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്നംഗ സംഘമാണ് ഹോട്ടലിനെതിരെയും ജീവനക്കാര്‍ക്കെതിരെയും അതിക്രമം നടത്തിയത്. ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 600 രൂപയിലേറെ വിലവരുന്ന ഭക്ഷണം കഴിച്ചു. തുടര്‍ന്ന് പണം നല്‍കാതെ പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ ഇവരെ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പുറത്തുപോയി ഇരുമ്പ് വടിയുമായെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഹോട്ടല്‍ ആരംഭിച്ചത്. 600 രൂപ ആവശ്യപ്പട്ടതിന്റെ പേരിലുണ്ടായ അതിക്രമത്തില്‍ ഹോട്ടല്‍ ഉടമയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. ഹോട്ടലിലെ ഫര്‍ണിച്ചറുകളും മറ്റും പ്രതികള്‍ തല്ലിത്തകര്‍ത്തു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഓടി രക്ഷപ്പെട്ട മറ്റ് രണ്ടുപേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







