ഗാന്ധിനഗര്‍: മുതിര്‍ന്ന നേതാക്കള്‍ മാറി മാറി ചര്‍ച്ച നടത്തിയിട്ടും ഫലമില്ല, അസം മുന്‍ പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു. ഗുവാഹത്തിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വമെടുത്തത്. അസം ബിജെപി മേധാവി ദിലീപ് സൈകിയയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുത്തത്. ബോറയ്ക്കൊപ്പം, സഞ്ജു ബറുവ, സര്‍ബനാരായണന്‍ ദിയോറി തുടങ്ങിയ യുവ കോണ്‍ഗ്രസ് നേതാക്കളും ബോറനൊപ്പം ബിജെപിയില്‍ ചേര്‍ന്നു.
ശനിയാഴ്ച ആഭ്യന്തര മന്ത്രി അമിത്ഷായുമായി ബോറ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ മികച്ച രാഷ്ട്രതന്ത്രജ്ഞന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ വലിയ സന്തോഷമുണ്ടെന്ന് ബോറ പ്രതികരിച്ചിരുന്നു. ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനാക്കിയതടക്കം എഐസിസിയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ഭൂപന്‍ ബോറ പാര്‍ട്ടി വിട്ടത്. അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
കഴിഞ്ഞ 32 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന രാഷ്ട്രീയക്കാരനാണ് ഭൂപന്‍ ബോറ.
2006 മുതല്‍ 2016 വരെ ബിഹ്പുരിയയെ പ്രതിനിധീകരിച്ച് രണ്ടുതവണ അസം നിയമസഭയിലെത്തിയിരുന്നു. 2021 മുതല്‍ 2024 വരെ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എപിസിസി) മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.
തരുണ്‍ ഗൊഗോയിയുടെ കാലത്ത് അസം സര്‍ക്കാരിന്റെ വക്താവും പാര്‍ലമെന്ററി സെക്രട്ടറിയുമായിരുന്നു. 2013 ല്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിച്ചു. നോര്‍ത്ത് ലഖിംപൂര്‍ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ വൈസ് പ്രസിഡന്റും ദിബ്രുഗഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു.







