തിരുവനന്തപുരം: ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ശനിയാഴ്ച (ഇന്ന്) രാവിലെ എട്ടുമണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്റെ വീട്ടിനു മുന്നില്‍ റീത്തു വച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി റീത്ത് എടുത്തുമാറ്റി.
പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുമ്പോള്‍ മന്ത്രിയുടെ വീടിനു മുന്നില്‍ മൂന്നു പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ മറികടന്നാണ് പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ എത്തി വാതിലില്‍ റീത്ത് വച്ചത്. പതിനഞ്ചു മിനിറ്റു കഴിഞ്ഞ ശേഷമാണ് കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ സ്ഥലത്തു നിന്നു മാറ്റിയത്. സംഭവ സമയത്ത് മന്ത്രി വസതിയില്‍ ഉണ്ടായിരുന്നില്ല.







