പാലക്കാട്: ഗവ. ആശുപത്രികള്‍ക്കെതിരെ ആരോപണം രൂക്ഷമായിക്കൊണ്ടിരിക്കെ പട്ടാമ്പി താലൂക്കാശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചു. തൃത്താല മേഴത്തൂരിലെ നൗഷിജ (29)യാണ് മരിച്ചത്. മരണത്തില്‍ ബന്ധുക്കള്‍ ചികിത്സാപ്പിഴവ് ആരോപിച്ചു. മരിച്ച യുവതിയുടെ സഹോദരന്‍ ഇതു സംബന്ധിച്ചു പരാതിപ്പെട്ടു. തൃത്താല പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസവ സംബന്ധമായി യുവതിയെ പട്ടാമ്പി താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ മറ്റു അസുഖങ്ങളൊന്നുമുണ്ടായില്ലെന്ന് പരാതിയില്‍ പറഞ്ഞു. ഇന്ന് രാവിലെ നൗഷിജക്ക് ശ്വാസ തടസ്സവും രക്തസ്രാവവും അനുഭവപ്പെട്ടു. ഉടനെ യുവതിയെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിശോധനയില്‍ നൗഷിജയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നു പറയുന്നു. നൗഷിജയുടെ ആരോഗ്യ സ്ഥിതി മോശമായിട്ടും വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും വേണ്ടത്ര ചികിത്സ നല്‍കിയില്ലെന്നുമുള്ള പരാതിയില്‍ അസ്വാഭിക മരണത്തിനു തൃത്താല പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും. അതിനു ശേഷമേ മരണകാരണം കണ്ടത്താന്‍ കഴിയു.







