കാസര്‍കോട്: ബദിയഡുക്ക, താഴെ നെല്ലിക്കട്ടയില്‍ ഇന്നു പുലര്‍ച്ചെ കാറും കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മുന്‍ പ്രവാസി മരിച്ചു. മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെല്ലിക്കട്ടയില്‍ താമസക്കാരനായ ഷംസുദ്ദീന്‍ പൈക്ക (68) ആണ് മരിച്ചത്. മകന്‍ സല്‍മാന്‍ ഫാരിസി(22)നെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ ആറു മണിയോടെ വിദ്യാനഗര്‍-ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ താഴെ നെല്ലിക്കട്ടയിലാണ് അപകടം. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന കാര്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നു പുത്തൂരിലേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഷംസുദ്ദീന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മുന്‍ പ്രവാസിയും പൈക്ക സ്വദേശിയുമായ ഷംസുദ്ദീന്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് നെല്ലിക്കട്ടയില്‍ സ്ഥിരതാമസമാക്കിയത്.
ഭാര്യ: റഹീമ. മറ്റു മക്കള്‍: റാഷിദ്, അര്‍ഫാത്ത്, സഹദ്, ഫാത്തിമ. മരുമകള്‍: റഹീമ.







