കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലില്‍ ആഴത്തില്‍ മുറിവേറ്റു. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂര്‍കണ്ടിയില്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഷീബ മോഹനനാണ് പരിക്കേറ്റത്.
വീടിന് സമീപത്തെ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഷീബക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിലത്തുവീണുപോയ ഷീബയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം വന്നപ്പോഴാണ് കാലില്‍ മുറിവേറ്റത് കാണുന്നത്. തുടര്‍ന്ന് ഇവരെ അരീക്കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവില്‍ അഞ്ചോളം തുന്നല്‍ വേണ്ടി വന്നു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം കൂടിവരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.







