ചേർത്തല : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ വിജിലൻസ് സംഘം ചോദ്യം ചെയ്തു . ക്രൈം ബ്രാഞ്ച് കൊച്ചി യൂണിറ്റ് എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2016 ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് വിജിലൻസ് കേസെടുത്തത്. സംഘം മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് 15 കോടി രൂപ തട്ടിപ്പാക്കി എന്നായിരുന്നു അച്യുതാനന്ദൻ്റെ പരാതി. 2003 മുതൽ 2015 വരെ സ്വാശ്രയ സംഘങ്ങൾക്കു നൽകാൻ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശക്കു കോടികൾ വായ്പയെടുത്ത് പ്രതികൾ കീശയിലിടുകയായി രുന്നെന്നായിരുന്നു പരാതി. കുറഞ്ഞ പലിശയ്ക്ക് കോർപ്പറേഷൻ നിന്ന് വായ്പയെടുത്ത് വലിയ പലിശക്കു ആ പണം വീണ്ടും വട്ടിപ്പലിശക്കു കൊടുക്കുകയായിരുന്നുവെന്നും ഇല്ലാത്ത ആളുകളുടെ പേരിൽ വായ്പ നൽകി എന്നു രേഖയുണ്ടാക്കിയാണു പണം അടിച്ചുമാറ്റിയതെ ന്നുമായിരുന്നു അച്യുതാനന്ദൻറെ പരാതി. എസ്എൻഡിപി ശാഖകൾ വഴിയാണ് പണം വിതരണം ചെയ്തത് .ഈ പണം ഗുണഭോക്താക്കളിൽ എത്തിയില്ല .പണം തിരിച്ചടച്ചതും ഇല്ലെന്ന് പരാതിയിൽ പറഞ്ഞിരുന്നു. അന്നു വിജിലൻസ് എസ്പി ആയിരുന്ന ശശിധരനാണ് കേസ് അന്വേഷിച്ചിരുന്നത്. അതിനാൽ കേസ് അന്വേഷണം അദ്ദേഹം തന്നെ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വെള്ളാപ്പള്ളി അടക്കം 5 പ്രതികൾ ആണ് കേസിൽ ഉള്ളത്. എന്നാൽ തട്ടിപ്പിൽ വെള്ളാപ്പള്ളിക്ക് പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് പറയുന്നു.







