തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ പാറശ്ശാലയില്‍ ആളുകള്‍ നോക്കി നില്‍ക്കേ പൊതുസ്ഥലത്തു രൂപപ്പെട്ട പൊടിച്ചുഴലി കാണികളില്‍ അമ്പരപ്പുളവാക്കി. എന്നാല്‍ വേനല്‍ക്കാലത്തുണ്ടാവുന്ന അത്ഭുത പ്രതിഭാസമാണിതെന്നു നാട്ടുകാര്‍ സൂചിപ്പിച്ചു.

അന്തരീക്ഷ ഊഷ്മാവു വേനല്‍ക്കാലത്തു വര്‍ധിക്കുമ്പോള്‍ ഉണ്ടാവുന്ന മര്‍ദ്ദ വ്യത്യാസത്തിന്റെ ഫലമായാണ് ഒരു പ്രത്യേക സ്ഥലത്തു ചുഴലി രൂപപ്പെടുന്നത്.
അവിടെയുള്ള പൊടിയും മറ്റും പൊടിച്ചുഴലി ചുഴറ്റിയെടുത്തു വാനിലേക്കു ഉയര്‍ത്തും. ചിലപ്പോഴിതു നിമിഷനേരത്തേക്കായിരിക്കും. ചിലപ്പോള്‍ മിനിറ്റുകളോളം ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കും.
ഇന്നു ഉച്ച കഴിഞ്ഞപ്പോള്‍ കെ എസ് ആര്‍ ടി സി പാറശ്ശാല ഡിപ്പോ ഗ്രൗണ്ടില്‍ അനുഭവപ്പെട്ട പൊടിച്ചുഴലി അതിനെക്കുറിച്ചറിയാവുന്നവര്‍ക്കു സാധാരണ സംഭവമായപ്പോള്‍ അതു കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവര്‍ അമ്പരന്നു.
ചിലര്‍ അതിശയിച്ചു. അതിനടുത്തെങ്ങുമാവേണ്ടെന്നും അടുത്തായാല്‍ ചുഴലി കറക്കിയെടുത്തും പൊടിക്കൊപ്പം അന്തരീക്ഷത്തിലെറിഞ്ഞാലും മതിയെന്ന് ആളുകള്‍ ഓര്‍മ്മിപ്പിച്ചു.







