‘തന്റെ മരണശേഷം ഭാര്യയെ നോക്കാന്‍ ആരുമില്ല’; യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ മുന്‍ ഐ.എസ്.ആര്‍.ഒ ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ജീവനക്കാരന്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ അലവഹള്ളിയിലുള്ള അപാര്‍ട്ട്‌മെന്റിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. സന്ധ്യ ശ്രീ എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് നാഗേശ്വര്‍ റാവു (75) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

അടുക്കളയിലായിരുന്ന സന്ധ്യയെ പിറകിലൂടെ ചെന്ന് ടവല്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട്, അതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഒരാളെ വിളിച്ച് ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി അറിയിച്ചു. തുടര്‍ന്ന് അതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഒരു ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

സന്ധ്യയ്ക്ക് ബന്ധുക്കള്‍ ഇല്ലെന്നും താന്‍ മരിച്ചാല്‍ ഭാര്യയെ ആര് നോക്കുമെന്ന ആശങ്കയിലാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നാഗേശ്വര്‍ റാവുവിന് മാനസികവെല്ലുവിളി യുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികതയുണ്ടെന്നും വൈദ്യപരിശോധന പൂര്‍ത്തിയാവുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍ ദമ്പതികള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്ന ഒരു മകളുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ഇത് പ്രതിയുടെ മൊഴിക്ക് വിപരീതമാണെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page