പ്രണയദിനം അടിച്ചുപൊളിച്ച് ദമ്പതികള്‍ വീട്ടിലെത്തി; പിന്നാലെ കഴുത്തറുത്തനിലയില്‍ യുവതിയുടെ മൃതദേഹം; അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്

ചണ്ഡിഗഡ്: പ്രണയദിനത്തില്‍ ഭര്‍ത്താവിനൊപ്പം അടിച്ചുപൊളിച്ചശേഷം വീട്ടിലെത്തിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതിയെ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ബഹാദുര്‍ഗഡിലാണ് നടുക്കുന്ന സംഭവം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്‍ഷുല്‍ ധവാന്‍ ആണ് ഭാര്യ മഹക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു മഹക്ക്. വീട്ടില്‍ കവര്‍ച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് അന്‍ഷുല്‍ പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ അന്‍ഷുല്‍ വളരെ ആസൂത്രിതമായാണ് മഹക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

പ്രണയദിനം ഒരുമിച്ച് ചെലവഴിച്ച യുവ ദമ്പതികള്‍ അത്താഴവും കഴിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. പിറ്റേന്ന് രാത്രി 11 മണിയോടെ അന്‍ഷുല്‍ പൊലീസിനെ വിളിച്ച്, അജ്ഞാതരായ അക്രമികള്‍ തങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്തുവെന്നും അറിയിച്ചു. അന്‍ഷുലിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയത് പൊലീസിന് സംശയം ഉണ്ടാക്കി. തുടര്‍ന്ന് അന്‍ഷുലിനെ നിരീക്ഷിച്ച് വരികയായിരുന്നു. അന്‍ഷുലിന് അക്രമികളെക്കുറിച്ച് വിവരിക്കാന്‍ കഴിയാതിരുന്നത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു.

ഇതോടെയാണ് അന്‍ഷുല്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിയ അന്‍ഷുല്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു. മഹക്കിന്റെ സ്വഭാവത്തില്‍ അന്‍ഷുലിന് സംശയമുണ്ടായിരുന്നു. ഇത് ദമ്പതികള്‍ക്കിടയില്‍ പതിവായി വഴക്കുണ്ടാകാന്‍ കാരണമായി. ഇതാണ് ഒടുവില്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

മഹക്കിനെ ശ്വാസം മുട്ടിക്കുകയും തുടര്‍ന്ന് കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നുവെന്ന് അന്‍ഷുല്‍ പൊലീസിനോട് പറഞ്ഞു. വിരലടയാളങ്ങള്‍ പതിയാതിരിക്കാന്‍ കയ്യുറകള്‍ ധരിച്ചാണ് കൊലപാതകം നടത്തിയത്. ഹിസാര്‍ സ്വദേശിയായ അന്‍ഷുലും ഹാന്‍സി സ്വദേശിനിയായ മഹക്കും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് ആണ് വിവാഹിതരായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page