കാസര്‍കോട്: മുന്‍ ഡെപ്യൂട്ടി കലക്ടറും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്ന എച്ച് ഗോപാലകൃഷ്ണ ഷെട്ടി എന്ന ജി.കെ ഷെട്ടി (80) അന്തരിച്ചു. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് സ്വന്തം വീടായ കാസര്‍കോട് കേളുകുന്നിലെ ഗിരിജ നിവാസിലായിരുന്നു അന്ത്യം.
കാസര്‍കോട് യവനിക പ്രസിഡണ്ട്, ബണ്ട്‌സ് സംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ട്-സെക്രട്ടറി, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ ഗീതയാണ് ഭാര്യ. മക്കള്‍: മംഗ്‌ളൂരു സഹകരണ ബാങ്ക് മാനേജരായിരുന്ന ഗണേഷ് ഷെട്ടി, ചിത്രലേഖ എസ് ആള്‍വ, പരേതനായ ആനന്ദ ഷെട്ടി. മരുമക്കള്‍: പ്രണവ് ഷെട്ടി, അനിത. സംസ്‌കാരം വൈകിട്ട് കേളുകുന്ന് ശ്മശാനത്തില്‍ നടക്കും.






