റാഞ്ചി: 18 സൂപ്പര്‍വൈസര്‍മാര്‍, 12 പൊലീസുകാര്‍, മജിസ്‌ട്രേറ്റ് എന്നിവരുടെ കനത്ത കാവലില്‍ ഒരേയൊരു വിദ്യാര്‍ത്ഥി പത്താം ക്ലാസ് പരീക്ഷയെഴുതുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ജാര്‍ഖണ്ഡിലെ ഗര്‍ഖ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശങ്കര്‍ കുമാര്‍ സിംഗ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇത്രയും കനത്ത കാവലില്‍ പരീക്ഷ എഴുതിയത്.
സംഗീതമായിരുന്നു ശങ്കര്‍ കുമാര്‍ സിംഗിന്റെ വിഷയം. മിഡില്‍ സ്‌കൂളിലാണ് പരീക്ഷാ കേന്ദ്രം സജ്ജമാക്കിയത്. താല്‍ക്കാലിക കേന്ദ്രമായിരുന്നുവെങ്കിലും സ്ഥിരം കേന്ദ്രങ്ങളേക്കാള്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. പരീക്ഷാ ഹാളില്‍ സിസിടിവി സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഹാളിന്റെ ചുമതല മജിസ്‌ട്രേറ്റിനായിരുന്നു. 18 പേര്‍ക്കാണ് നിരീക്ഷണ ചുമതല. പരീക്ഷാ കേന്ദ്രത്തില്‍ 12 പൊലീസുകാരെയും വിന്യസിച്ചിരുന്നു. 406 വിദ്യാര്‍ത്ഥികള്‍ ഇതിനോടകം ഈ കേന്ദ്രത്തില്‍ പരീക്ഷ എഴുതിക്കഴിഞ്ഞു.
സംഗീതം വിഷയമാക്കിയ ഒരേയൊരാള്‍ ശങ്കര്‍ കുമാര്‍ സിംഗായിരുന്നു. പരീക്ഷാ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തതില്‍ മൂന്ന് പേര്‍ മാത്രമേ പരീക്ഷയ്ക്ക് എത്താതിരുന്നുള്ളൂവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.







