തിരുവനന്തപുരം: കെ ടെറ്റ് വിഷയത്തില്‍ അധ്യാപകര്‍ക്ക് അനുകൂല തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാനമായ തീരുമാനമാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രസഭാ യോഗത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചു. എന്‍.എസ്.എസിന് ബാധകമായ വിധി മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ കെ ടെറ്റ് നേടിയാല്‍ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. ശമ്പളം തടഞ്ഞുവയ്ക്കില്ല. കെ ടെറ്റില്‍ നിയമോപദേശം തേടും, സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.







