കണ്ണൂര്‍: മകന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ വൃദ്ധമാതാവ് മരണത്തിനു കീഴടങ്ങി. കണ്ണൂര്‍, പള്ളിയാംമൂല, ലക്ഷംവീട് ഉന്നതിയിലെ പി ശാന്ത (88)യാണ് ചൊവ്വാഴ്ച കണ്ണൂരിലെ ആശുപത്രിയില്‍ മരിച്ചത്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് മകൻ സജീവന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. വീട്ടുവരാന്തയില്‍ കസേരയിലിരിക്കുകയായിരുന്നു ശാന്ത. ഈ സമയത്ത് മദ്യലഹരിയിൽ എത്തിയ മകന്‍ സജീവനുമായി വാക്കുതര്‍ക്കം ഉണ്ടായി. വീട്ടുചെലവിനു പണം കൊടുക്കാത്തത് മാതാവ് ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിനു ഇടയാക്കിയത്. വാക്കു തര്‍ക്കം മൂത്തതോടെ ശാന്തയെ ഇരുന്ന കസേരയടക്കം എടുത്ത് മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. മദ്യലഹരിയിലായിരുന്നു സജീവന്‍ അക്രമം നടത്തിയത്. വധശ്രമത്തിനു കേസെടുത്ത പൊലീസ് സജീവനെ അന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു.







