പറക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ ശ്വാസം കിട്ടാതെ പിടയുന്ന 3 വയസ്സുകാരന് മലയാളി ഡോക്ടര്‍ രക്ഷകനായി; സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം

ദുബായ്: ദുബായ്-കൊച്ചി യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ ശ്വാസം കിട്ടാതെ പിടയുന്ന മൂന്നു വയസ്സുകാരന് മലയാളി ഡോക്ടര്‍ രക്ഷകനായി. ദുബായിലെ അല്‍ ഫുത്തൈം ഹെല്‍ത്ത് കെയറിലെ സര്‍ജനായ ഡോ. സെസില്‍ കുന്നപ്പിള്ളി ആണ് മരണത്തെ മുഖാമുഖം കണ്ട സ്റ്റീവ് എന്ന കൊച്ചു കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

കുട്ടിയുടെ ഓക്‌സിജന്‍ നില താഴേക്ക് പോവുകയാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ കുട്ടിയെ വിധിക്ക് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. കൃത്യസമയത്തെ ഇടപെടലിലൂടെ സ്റ്റീവ് എന്ന കുരുന്നിന്റെ ജീവന്‍ രക്ഷിച്ച ഡോ. സെസില്‍ കുന്നപ്പിള്ളിയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ താരം.

ജോലിത്തിരക്കില്‍ നിന്നു അവധി എടുത്ത് നാട്ടിലേക്ക് വരികയായിരുന്നു ഡോക്ടര്‍. യാത്രയ്ക്കിടെ മയക്കത്തിലായിരുന്ന ഡോക്ടര്‍ ഒരു അനൗണ്‍സ്‌മെന്റ് കേട്ടാണ് ഉണര്‍ന്നത്. ആരോ സഹായത്തിനായി വിളിക്കുന്നതുപോലെ തോന്നി. ഉറക്കത്തിലായിരുന്നതിനാല്‍ അതൊരു സ്വപ്നമാണോ എന്നുപോലും ഡോക്ടര്‍ ചിന്തിച്ചുപോയി. അടുത്തുണ്ടായിരുന്ന യാത്രക്കാരനോട് ചോദിച്ചപ്പോഴാണ് സ്വപ്‌നമല്ലെന്നും സഹായത്തിനായി വിളിക്കുകയാണെന്നും അറിയുന്നത്.

അമേരിക്കയില്‍ നിന്ന് കൊച്ചിയിലേക്ക് കുടുംബത്തിനൊപ്പം വരികയായിരുന്നു കുട്ടി. ഡോക്ടര്‍ എത്തുമ്പോള്‍ യുകെയില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പള്‍സ് ഓക്‌സിമീറ്റര്‍ മുതിര്‍ന്നവര്‍ക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകള്‍ ചേര്‍ത്തുപിടിച്ച് ഡോക്ടര്‍ ഓക്‌സിജന്‍ നില അളന്നു. അത് വളരെ കുറവാണെന്ന് കണ്ട ഡോക്ടര്‍ പുതിയ ഓക്‌സിജന്‍ ടാങ്ക് എത്തിക്കാന്‍ നിര്‍ദേശിച്ചു.

ഓക്‌സിജന്‍ കുറഞ്ഞതോടെ കുട്ടിക്ക് അപസ്മാര ലക്ഷണങ്ങള്‍ കണ്ടു. ഇതോടെ അപസ്മാരത്തിനുള്ള മരുന്ന് നല്‍കാനായി വിമാനത്തിലെ ജീവനക്കാരുടെ ശ്രമം. അത് വിലക്കിയ ഡോക്ടര്‍ ആ മരുന്ന് നല്‍കിയാല്‍ കുട്ടിയുടെ ശ്വാസോച്ഛ്വാസം പൂര്‍ണമായും നിലച്ചേക്കാം എന്ന് അറിയിച്ചു.

വിമാനം കൊച്ചിയിലെത്താന്‍ കാത്തുനിന്നാല്‍ അപകടമാണെന്നറിഞ്ഞ ഡോക്ടര്‍ അടിയന്തിരമായി വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിമാനം മുംബൈയില്‍ ഇറക്കി. അവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെ സ്റ്റീവ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ മാതാപിതാക്കള്‍ ഡോക്ടറെ കണ്ടെത്തി അദ്ദേഹത്തെ നന്ദി അറിയിച്ചു. ആപത് ഘട്ടത്തില്‍ ഡോക്ടര്‍ എടുത്ത ആ നിര്‍ണായക തീരുമാനമാണ് മകന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് പിതാവ് പിന്റോ അക്കര പറഞ്ഞു. താന്‍ തന്റെ കടമ മാത്രമാണ് ചെയ്തതെന്നും കൂടെയുണ്ടായിരുന്ന മറ്റ് ഡോക്ടര്‍മാരും രക്ഷിതാക്കളും നല്‍കിയ പിന്തുണയാണ് വിജയമെന്നുമായിരുന്നു ഡോ. സെസിലിന്റെ പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page