മുംബൈ: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്ന മിക്കവാറും എല്ലാ വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അത്തരത്തില്‍ മെട്രോ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു ‘വിവാഹ നിശ്ചയ’ത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മെട്രോ സ്റ്റേഷനില്‍ മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്ന വീഡിയോ ആണ് ആളുകള്‍ ഏറ്റെടുത്തത്. വീഡിയോ പോസ്റ്റുചെയ്ത് മിനുട്ടുകള്‍ക്കകം തന്നെ വൈറലായി.
എക്‌സില്‍ പ്രചരിക്കുന്ന വീഡിയോയില്‍, മെട്രോ സ്റ്റേഷനിലെ ബെഞ്ചിലിരിക്കുന്ന മകനെയും കാമുകിയേയും കാണാം. അവര്‍ക്കരികിലേക്ക് മധുരപലഹാരങ്ങളും പഴങ്ങളുമായി അമ്മ എത്തുന്നു. ചടങ്ങുകള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ അമ്മ, വീഡിയോ എടുക്കുന്ന ആളോട് ദൃശ്യങ്ങള്‍ ശരിയായി പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നത് വീഡിയോയില്‍ കാണാം.
തങ്ങളോട് ഒരു വാക്കുപോലും ചോദിക്കാതെ സ്വന്തം ഇഷ്ടത്തിന് വിവാഹ നിശ്ചയം നടത്തുന്ന അമ്മയോട് അരുതെന്ന് പറഞ്ഞ് മകന്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മ വഴങ്ങുന്നില്ല. ‘നമ്മുടെ കുടുംബത്തിന്റെ മാനം പോയി, താന്‍ അപമാനിക്കപ്പെട്ടു, അതിനെന്താണ് വഴി?’ എന്നായിരുന്നു അമ്മയുടെ ചോദ്യം. പിന്നാലെ അമ്മ മകനെയും പെണ്‍കുട്ടിയെയും മധുരം കഴിപ്പിക്കുന്നു. ഒടുവില്‍ ‘ സന്തോഷമായി ഇരിക്കൂ ‘ എന്ന് പറഞ്ഞ് അനുഗ്രഹിക്കുകയും ചെയ്യുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇതൊരു സ്‌ക്രിപ്റ്റഡ് വീഡിയോ ആണോ എന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. ‘പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതം ആരെങ്കിലും ചോദിച്ചോ? അവര്‍ക്ക് മകളെ ഈ പയ്യനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ താല്പര്യമുണ്ടോ?’ എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.







