ബംഗളൂരു: പുരുഷന്മാര്‍ മദ്യപിക്കുകയും തെരുവില്‍ക്കിടന്നു കൂത്താടുകയും ചെയ്യുന്നതു പുതുമയല്ല. അതൊരു വാര്‍ത്തയുമല്ല. എന്നാല്‍ യുവതികള്‍ മദ്യപിച്ചു ഇത്തരത്തില്‍ പെരുമാറിയാലോ?
ഇന്നലെ(ശനി) രാത്രി രണ്ടു യുവതികള്‍ ബംഗളൂരു നഗരത്തെ കൈയിലെടുത്തു. യുവതികളുടെ പ്രകടനങ്ങള്‍ കണ്ടു ഞൊടിയിടയ്ക്കുള്ളില്‍ വഴിയാത്രക്കാര്‍ തടിച്ചു കൂടി. ചുറ്റും കൂടിയവരെ തെറിവിളിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തതോടെ ഭൂരിപക്ഷം കാണികളും അന്തിച്ചു നിന്നു. ഇതിനിടയില്‍ യുവതികളെ സമാധാനിപ്പിക്കാന്‍ അടുത്ത ഏതാനും പുരുഷന്മാരെ അവര്‍ സ്മാഷ് ചെയ്ത് ഇടിച്ചു നിലത്തിട്ടു. കൈയില്‍ കരുതിയിരുന്ന ചെയിനെടുത്തു കൈയില്‍ ചുറ്റി അന്തരീക്ഷത്തില്‍ വീശിയതോടെ സംഗതി പന്തിയല്ലെന്നു ബോധ്യം വന്ന കാണികളില്‍ ചിലര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഇരുവരെയും ജീപ്പിനുള്ളിലാക്കിയതോടെ ധൈര്യം വന്ന പുരുഷന്മാര്‍ കൂക്കിളിച്ചു യുവതികളെ അധിക്ഷേപിച്ചു. അവര്‍ പൊലീസ് ജീപ്പിലിരുന്നു പുലഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിച്ച് ആള്‍ക്കൂട്ടത്തെ നേരിടുകയും ചെയ്തു.
രാത്രി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു യുവതികള്‍. യാത്രക്കിടയില്‍ ഒരു ടാക്‌സിയില്‍ സ്‌കൂട്ടര്‍ ഉരസുകയും ടാക്‌സി ഡ്രൈവര്‍ യുവതികളെ ചോദ്യം ചെയ്യുകയുമായിരുന്നു. അതു വാക്കേറ്റമായി. അതിനിടയില്‍ ഹെല്‍മറ്റെടുത്തു ഒരു യുവതി ടാക്‌സി ഡ്രൈവറെ അടിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയായിരുന്നു. പൊലീസ് യുവതികള്‍ക്കെതിരെ കേസെടുത്തു. ലിസ, മാത്യു എന്നിവരാണ് സ്ത്രീകളെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി.







