ദർശനപുണ്യം ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിർവന്നു

പെരുങ്കളിയാട്ടത്തിന് ധന്യ പരിസമാപ്തി

ക്ലായിക്കോട്: നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.ഉച്ചയ്ക്ക് 2 45 ഓടെയാണ് തിരുമുടി നിവരൽ ചടങ്ങ് നടന്നത്. ഉപദേവതമാർ അരങ്ങൊഴിഞ്ഞതോടെ മുച്ചിലോട്ട് ഭഗവതിയുടെ വരവിന് കാഹളമോതി തീപാറ്റിത്തെയ്യം മൂന്ന് തവണ ക്ഷേത്രമുറ്റത്തെ മേലേരിക്ക് വലം വന്നു.

തുടർന്ന് പ്രതിപുരുഷന്മാരും വാല്യക്കാരും ക്ഷേത്രമുറ്റത്തെ മേലേരി കൈയ്യേറ്റു. പിന്നാലെയാണ് വീക്ക് ചെണ്ടയുടെ താളത്തിൽ പതിഞ്ഞ ചുവട് വെപ്പോടെ തെയ്യം കൈലാസക്കല്ലിന് സമീപമെത്തിയത്.തുടർന്ന് തോറ്റം പാട്ടിന്റെയും ചെണ്ടയുടെയും അകമ്പടിയിൽ തിരുമുടി ഉയരൽ ചടങ്ങ് നടന്നു.മുച്ചിലോട്ടു ഭഗവതിയുടെ രൂപഘടന ബ്രഹ്മാണ്ഡമായിട്ടാണ് മണക്കാടൻ ഗുരുക്കൾ സങ്കല്പിച്ചിട്ടുള്ളത്. മൂന്ന് ഘടകങ്ങൾ. ഒന്ന് സമുദ്രം. രണ്ട് ഭൂമി. മൂന്ന് ആകാശം. ആകാശത്തിൽ മഴവില്ല് വളഞ്ഞ രീതിയിൽ കാണുന്നത് പോലെയാണ് ഭഗവതിയുടെ തിരുമുടി സങ്കല്പിച്ചിട്ടുള്ളത്.തിരുമുടി ആകാശമായും ദേഹം ഭൂമിയായും. ഉടയാടകൾ സമുദ്രമായും ആണ് സങ്കല്പം. മഴപെയ്യുന്ന സങ്കല്പമായിട്ടാണ് തിരുമുടിയിൽ കാണുന്ന ചെക്കിമാല. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആണ് ഉടയാടയിൽ അലങ്കരിച്ചു കാണുന്ന ചന്ദ്രകലകൾ. തിരുമുടിയിൽ കാണുന്ന സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും നിഴലുകൾ വെള്ളത്തിൽ കാണുന്നതായാണ് സങ്കല്പം. ഉടയുടെ പിൻഭാഗത്തു കാണുന്ന വസ്ത്രം താമരയെയും പുഷ്പത്തെയും സങ്കൽപിച്ചുള്ളതാണ്.

പൊയ്ക്കണ്ണണിഞ്ഞ് ദീപിതകോലുമേന്തി വിവിധ താളത്തിൽ ഒൻപത് തവണ ക്ഷേത്രം വലം വെച്ചു.തുടർന്ന് മണിക്കിണർ നോക്കി പൊയ്ക്കണ്ണഴിച്ചു.ശേഷം മണിക്കൂറുകളോളം ഭക്തർക്ക് ദർശനം നൽകി. നാടിന്റെ നാനാഭാഗത്ത് നിന്നും പതിനായിരങ്ങളാണ് സമാപന ദിവസം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.ര രാവിലെ മുതൽ പുലിയൂർ കണ്ണൻ, തത്സ്വരൂപനും കൈക്കോളനും,ഏരോത്ത് ചാമുണ്ഡി,നരമ്പിൽ ഭഗവതി, ചെക്കിപ്പാറ ഭഗവതി,കണ്ണങ്ങാട്ട് ഭഗവതി, രക്തചാമുണ്ഡി,പുലിയൂർ കാളി,കുറത്തി,  കുണ്ടോറ ചാമുണ്ഡി,വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തി.

സമാപന ദിവസം മുച്ചിലോട്ടെത്തിയ മുഴുവൻ പേർക്കും രണ്ട്‌ നേരവും അന്നദാനവും നടന്നു.രാത്രി വൈകി വെറ്റിലാചാരത്തോടെ നാല് നാളുകളിലായി നടന്ന പെരുങ്കളിയാട്ടത്തിനും സമാപനമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page