കുമ്പള: നായിക്കാപ്പിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണ്ണാഭരണവും കാല്‍ ലക്ഷം രൂപയുടെ വെള്ളിയും 5000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതി ഇബ്രാഹിം കലന്തറിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. കൊള്ളയടിച്ച സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും പണവും കണ്ടെടുക്കാനും കൊള്ളയെക്കുറിച്ചു കൂടുതല്‍ വിവരങ്ങളും ശേഖരിക്കാനുമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. അറസ്റ്റിനെ തുടര്‍ന്ന് ആറുപവന്‍ സ്വര്‍ണ്ണം കണ്ടെടുത്തിരുന്നു. ജനുവരി 18ന് രാത്രിയായിരുന്നു കവര്‍ച്ച. വീടിന്റെ പിന്‍വാതില്‍ തകര്‍ത്തു അകത്തു കടന്ന മോഷ്ടാവ് അലമാരയുടെ പൂട്ടുപൊളിച്ച് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. മുഖ്യപ്രതിയായ ഇബ്രാഹിം കലന്തര്‍ കവര്‍ച്ചയ്ക്കു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായിരുന്നു. മോഷ്ടാവ് പിടിയിലായതിനെതുടര്‍ന്നു നേരത്തെ കുമ്പളയില്‍ നടന്ന കൊള്ളകളെക്കുറിച്ചും അന്വേഷണിക്കണമെന്നാവശ്യപ്പെട്ടു നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.






