കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോൾ പ്ലാസ നിറുത്തലാക്കി: കേന്ദ്രമന്ത്രി ഡെൽഹിയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി

ന്യൂഡെൽഹി:കാസർകോട് ജില്ലയിലെ ആരിക്കാടിയിൽ ദേശീയപാത-66 ലെ താല്‍ക്കാലിക ടോൾ പ്ലാസ നിര്‍ത്തലാക്കിയതായികേന്ദ്ര റോഡ് ഗതാഗത- ഹൈവേ – കോർപ്പറേറ്റ് കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര ന്യൂഡൽഹിയിൽ ഇന്നു വാർത്താ സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാത്രക്കാരുടെ സൗകര്യവും ജനക്ഷേമവും ഉറപ്പാക്കുന്ന സുപ്രധാന നടപടിയുടെ ഭാഗമായാണിതെന്നു വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയപാത-66 ന്റെ വികസനവുമായും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ട പ്രവർത്തന ക്രമീകരണങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക ടോൾ പ്ലാസ സ്ഥാപിച്ചിരുന്നത്. രാജ്യത്തുടനീളം ദ്രുതഗതിയില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തുമ്പോഴും പൊതുജനക്ഷേമത്തിന് മുൻഗണന നൽകുന്ന സർക്കാരിന്റെ മുൻഗണന അദ്ദേഹം വിശദീകരിച്ചു. പൗരന്മാരുടെ ആശങ്കകളോട് സർക്കാർ എന്നും സംവേദനാത്മക സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും പൊതുജനങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഏതു പ്രശ്നവും പരിഹരിക്കാൻ സര്‍ക്കാര്‍ പൂർണ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആരിക്കാടിയിലെ താല്‍ക്കാലിക ടോൾ പ്ലാസ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിൽ നിന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് നിവേദനങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശപ്രകാരം പ്രശ്നത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് മന്ത്രാലയം സമഗ്ര അവലോകനം നടത്തി.അവലോകനത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ജനവിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളില്‍ ഉടനടി തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് മന്ത്രാലയം വിലയിരുത്തി. ഇപ്രകാരം ആരിക്കാടിക്ക് സമീപത്തെ താല്‍ക്കാലിക ടോൾ പ്ലാസയിലെ പ്രവർത്തനങ്ങളും ഫീസ് പിരിവും ഉടനടി നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണനിർവഹണം സഹാനുഭൂതിയിലും ഉത്തരവാദിത്തത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് കേന്ദ്രസർക്കാർ തീരുമാനം പ്രഖ്യാപിച്ച ഹർഷ് മൽഹോത്ര പറഞ്ഞു. പ്രാദേശിക നിവാസികൾ അനുഭവിക്കുന്ന യഥാർത്ഥ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലുംകേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മാർഗനിർദേശത്തിലും കഴിഞ്ഞ ദശകം അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ അഭൂതപൂർവമായ പുരോഗതിയ്ക്ക് സാക്ഷ്യം വഹിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാമ്പത്തിക സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് നിരവധി പരിവർത്തനാത്മക പദ്ധതികൾ സർക്കാർ നിരന്തരം ഏറ്റെടുത്തിട്ടുണ്ട്.വളർച്ചയ്‌ക്കൊപ്പം അനുകമ്പയും നയപരമായ ഓരോ തീരുമാനത്തിലും ജനാഭിലാഷങ്ങളും ക്ഷേമവും പ്രതിഫലിക്കുന്നതുമായ ഭാവി ഭാരതം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രിഹർഷ് മൽഹോത്ര പ്രസ്താവിച്ചു. ആരിക്കാടിയിലെ താല്‍ക്കാലിക ടോൾ പ്ലാസ നീക്കം ചെയ്തത് ഭരണനിർവഹണത്തിലെ സജീവ ഇടപെടലിനു തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്മാരെ കേൾക്കാനും വെല്ലുവിളികൾ പരിഹരിക്കാനും വികസനം ആത്യന്തികമായി പ്രയോജനപ്പെടേണ്ടവരിലേക്കുതന്നെ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ സമീപനമെന്നു അദ്ദേഹം വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page