മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: ഭാവഭേദങ്ങളില്ലാതെ പ്രതി ഉമ്മര്‍ ഫാറൂഖ്; കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്, ജുമൈല മരിച്ചത് ഹൃദയധമനിയില്‍ ആഴത്തിലുള്ള മുറിവ് കാരണമെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൂമിനാട്, ഹില്‍ടോപ്പ് നഗറില്‍ മകളെയും ഭാര്യയുടെ സഹോദരീ ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഉമ്മര്‍ ഫാറൂഖിനെ കസ്റ്റഡിയില്‍ വാങ്ങിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി രണ്ടു ദിവസത്തിനകം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് കേസന്വേഷണ ഉദ്യോഗസ്ഥനായ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബപ്രശ്‌നം പറഞ്ഞു തീര്‍ക്കാനായി ഭാര്യ സഹോദരിയുടെ ഭര്‍ത്താവായ ഷേക്കുഞ്ഞിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഉമ്മര്‍ ഫാറൂഖ്. ഇതിനിടയില്‍ പ്രകോപിതനാവുകയും അരയില്‍ ഒളിപ്പിച്ചു വച്ചിരുന്ന പുതിയ കത്തിയെടുത്ത് അക്രമിക്കുകയുമായിരുന്നുമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഷേക്കുഞ്ഞിയെ ആക്രമിക്കുവാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് മകള്‍ ജുമൈലയുടെ കഴുത്തിനും വയറ്റിനും കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജുമൈല മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തും മുമ്പും ഷേക്കുഞ്ഞി ചൊവ്വാഴ്ച രാവിലെ ചികിത്സയ്ക്കിടയിലുമാണ് മരണപ്പെട്ടത്. കൊല നടത്തിയ ഉമ്മര്‍ ഫാറൂഖിനെ സംഭവ സ്ഥലത്തു നിന്നു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തുവെങ്കിലും ഇരട്ടക്കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ തുറന്നു പറയാന്‍ പ്രതി തയ്യാറായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഒരേസമയം ഭാര്യയെയും മകളെയും തനിക്ക് കുടുംബ സ്വത്തായി കിട്ടിയ വസ്തുവും നഷ്ടപ്പെടുമെന്ന ഭീതിയാണ് പ്രകോപനത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. ഇതു പൂര്‍ണ്ണമായും വിശ്വസിക്കുവാന്‍ പൊലീസ് തയ്യാറായിട്ടില്ല. പ്രതി പുതിയ കത്തി വാങ്ങിയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയത്. അക്രമം നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചുവെന്ന സൂചനയാണ് കത്തിവാങ്ങിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുക്കും. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇരട്ടക്കൊലപാതകം നടന്ന വീട്, കത്തി വാങ്ങിയ കട എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.
അതേസമയം ജുമൈലയുടെയും ഷേക്കുഞ്ഞിയുടെയും മരണകാരണം സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പൊലീസിനു ലഭിച്ചു. ഹൃദയധമനിയില്‍ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണത്തിനു ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വലതു തുടയില്‍ ആഴത്തില്‍ കത്തിയിറങ്ങി പ്രധാന രക്തക്കുഴലുകള്‍ മുറിഞ്ഞ് രക്തം കട്ടപ്പിടിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് ഷേക്കുഞ്ഞിയുടെ മരണത്തിനു ഇടയായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page