പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ ഒരു ഭാഗം തകര്‍ന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഒറ്റപ്പാലം തൃക്കങ്ങോട് വിവേകാനന്ദ – ചാത്തന്‍ പറമ്പ് റോഡില്‍ രാവിലെ 9.30 ഓടെയാണ് സംഭവം. മനിശ്ശേരി എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.
സ്‌കൂളിന് ഇരുനൂറ് മീറ്റര്‍ മാത്രം അകലെ വെച്ചാണ് സ്‌ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയര്‍ കയറുകയായിരുന്നു. ഇതോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.







