കാസര്‍കോട്: പെരിയ, ആയംമ്പാറ, ഉരുളംകോടിയില്‍ പുലിയിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് ഉരുളം കോടിയിലെ കവുങ്ങിന്‍ തോട്ടത്തില്‍ പുലിയെന്നു തോന്നിപ്പിക്കുന്ന വന്യജീവിയെ കണ്ടത്. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന തോട്ടം ഉടമ ജീവിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. ഏതു ജീവിയാണെന്നു സ്ഥിരീകരിക്കുന്നതിനായി വീഡിയോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു അയച്ചു കൊടുത്തു. കവുങ്ങിന്‍ തോട്ടത്തിനു സമീപത്തെ തോട്ടില്‍ നിന്നും കയറിവന്ന പുലി തോട്ടത്തിന്റെ വേലിക്കരികിലൂടെ നടന്നു മറ്റൊരാളുടെ സ്ഥലത്തേയ്ക്ക് പോവുകയായിരുന്നു.
തോട്ടത്തില്‍ എത്തിയത് അവശനായ ആണ്‍ പുലിയാകാനാണ് സാധ്യതയെന്നാണ് ഒരു വിഭാഗം ആള്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പുലിയല്ലെന്നും വൈല്‍ഡ് കാറ്റ് (കാട്ടുപൂച്ച)ആണെന്നു മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടു. എന്നാല്‍ വീഡിയോയില്‍ കാണുന്ന ജീവിക്ക് നല്ല ഉയരം ഉണ്ടെന്നും ഇത്തരത്തിലുള്ള കാട്ടു പൂച്ചകള്‍ ജില്ലയില്‍ കണ്ടതായി തെളിവില്ലെന്നു മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു.
ഉരുളം കോടിയില്‍ പുലി ഇറങ്ങിയതായുള്ള വിവരം നാട്ടില്‍ ഭീതി വിതച്ചിട്ടുണ്ട്. വന്യ ജീവിയെ കണ്ട തോട്ടത്തിനു സമീപത്തു വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ മരങ്ങളും കാടും മുറിച്ചു നീക്കുന്ന ജോലി നടക്കുന്നുണ്ട്. ഇവിടെ നിന്നായിരിക്കുമോ വന്യജീവി ഇറങ്ങിയതെന്നു സംശയിക്കുന്നു. വന്യജീവിയെ കണ്ട സ്ഥലത്ത് നിന്നു കാല്‍പ്പാടുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.






