ബെംഗളൂരു: മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് നാടുവിട്ട 13കാരിയേയും അനുജനേയും പൊലീസ് ചിത്രദുര്‍ഗയില്‍ കണ്ടെത്തി. കുട്ടികളെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. ബെംഗളൂരുവിലെ
മാറത്തഹള്ളി അശ്വത്ത് നഗറിലെ വീട്ടില്‍ നിന്നാണ് ഇവര്‍ നാടുവിട്ടത്.
ഒമ്പതുകാരനായ അനുജനുമായി വീടുവിട്ട പെണ്‍കുട്ടിയുടെ കൈവശം പണമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ആധാര്‍ കാര്‍ഡ് കരുതിയിരുന്നു. ആധാര്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസില്‍ യാത്ര സൗജന്യമാണ്. ഇത് അറിയാവുന്നത് കൊണ്ടാണ് പെണ്‍കുട്ടി ആധാര്‍ കാര്‍ഡ് കരുതിയത്.
കുട്ടികള്‍ വീടുവിട്ട വിവരം വളരെ വൈകിയാണ് മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് ബെംഗളൂരു എച്ചഎഎല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നാലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും കുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തു.
ഫോട്ടോ കാണാനിടയായ ഒരു യാത്രക്കാരനാണ് കുട്ടികള്‍ ചിത്രദുര്‍ഗയിലുണ്ടെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് ചിത്രദുര്‍ഗയിലെത്തി കുട്ടികളെ ബെംഗളൂരുവിലെത്തിക്കുകയും മാതാപിതാക്കള്‍ക്ക് കൈമാറുകയുമായിരുന്നു.







