കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസിന് മുന്‍പില്‍ അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കാര്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ചെറുവത്തൂര്‍ സ്വദേശി ഷാഹിദ് ഷാഹുലിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. മലപ്പുറം എടപ്പാളിലെ ഡ്രൈവര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനും കോടതിയില്‍ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്തു.
വൈറലായ വീഡിയോ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി നല്‍കിയ പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍ കുമാര്‍, കെ.അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ഡ്രൈവറെ കണ്ടെത്തി നടപടിക്കായി ശുപാര്‍ശ ചെയ്തത്.
കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനു മുന്‍പില്‍ കഴിഞ്ഞദിവസം നടന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 12 കിലോമീറ്റര്‍ ദൂരമാണ് വഴി മാറാന്‍ കൂട്ടാക്കാതെ ഷാഹിദ് ബസിന് ഗതാഗത തടസ്സം ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്കു പോകുകയായിരുന്ന ബസിന് മുന്‍പിലായിരുന്നു ഡ്രൈവറുടെ അഭ്യാസ പ്രകടനം.
ഉദുമ മുതല്‍ യുവാവ് ബസിന് മുന്നില്‍ തടസം സൃഷ്ടിച്ചുവെന്ന് യാത്രക്കാരും ബസ് ജീവനക്കാരും തെളിവുനല്‍കിയിരുന്നു. കാസര്‍കോട് ബേക്കലില്‍ എത്തിയപ്പോള്‍ ബസ് കാറില്‍ ഇടിക്കുകയും നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തതിനെ തുടര്‍ന്നാണ് കാര്‍ ബസിന് മുന്നില്‍ പോയതെന്ന് കാര്‍ ഡ്രൈവര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.






