പാനൂര്‍: കണ്ണൂര്‍ പാനൂരില്‍ തെയ്യം കെട്ടിനിടെ സംഘര്‍ഷം. തെയ്യം ക്ഷേത്ര മുറ്റത്ത് ഇറങ്ങുന്നതിനിടെയാണ് സംഭവം. കൂടത്തില്‍ മഠപ്പുരയില്‍ പോതിത്തിറ നടക്കുന്നതിനിടെ തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശം പാലിച്ചില്ലെന്ന് പറഞ്ഞ് വോളന്റിയര്‍മാരും തെയ്യം കാണാനെത്തിയവരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഈ സമയം പോതി തെയ്യം, തിരുവപ്പന, വെള്ളാട്ടം അടക്കമുള്ള തെയ്യങ്ങള്‍ ക്ഷേത്ര മുറ്റത്ത് ഉണ്ടായിരുന്നു. ചേരി തിരിഞ്ഞുള്ള തല്ലിനിടെ ആളുകള്‍ തിരുവപ്പന തെയ്യത്തെ പിടിച്ചുതള്ളി. തമ്മിലടിയില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ശ്രമിക്കുന്ന തെയ്യം കലാകാരന്റെ വീഡിയോ ദൃശ്യങ്ങളും കൂട്ടത്തല്ലും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറയുമ്പോള്‍ കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ ചേരി തിരിഞ്ഞ് അടി കൂടുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പരാതികള്‍ ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.







