മരിച്ചുപോയ ഭര്‍ത്താവിന്റെ ശവക്കല്ലറയ്ക്കരികില്‍ യുവതി കഴിഞ്ഞത് 8 മാസം; ഒടുവില്‍ പൊലീസിന്റെ ഇടപെടലില്‍ പുതുജീവിതം

ന്യൂയോര്‍ക്ക്: മരിച്ചുപോയ ഭര്‍ത്താവിന്റെ ശവക്കല്ലറയ്ക്കരികില്‍ യുവതി കഴിഞ്ഞത് എട്ടുമാസം. ന്യൂയോര്‍ക്കിലെ സിറാക്കൂസിലാണ് സംഭവം. ഒടുവില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ അവര്‍ പുതുജീവിതം ആരംഭിച്ചു. റിയ ഹോംസ് (55) എന്ന സ്ത്രീയാണ് കല്ലറയ്ക്കരികിലെ ജീവിതം അവസാനിപ്പിച്ച് പുതുജീവിതം ആരംഭിച്ചത്.

2025 ഡിസംബര്‍ 13 ന് ആയിരുന്നു റിയയുടെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. കൈയ്യില്‍ കുറച്ച് സാധനങ്ങളുമായി ഒരു കുന്നു കയറാന്‍ കഷ്ടപ്പെടുകയായിരുന്ന റിയയെ പൊലീസ് ഓഫീസറായ ജാമി പാസ്റ്റോറെല്ലോ കാണാനിടയായി. സഹതാപം തോന്നിയ ഉദ്യോഗസ്ഥന്‍ സ്ത്രീയെ തന്റെ പട്രോളിംഗ് വാഹനത്തില്‍ സെമിത്തേരിയില്‍ എത്തിച്ചു. യാത്രയ്ക്കിടയില്‍ റിയ തന്റെ ജീവിതത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. തന്റെ 26 വര്‍ഷത്തെ ദാമ്പത്യത്തെക്കുറിച്ചും ഭര്‍ത്താവായ എഡ്ഡിയെക്കുറിച്ചും അവര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍, റിയ കല്ലറയിലാണ് താമസിക്കുന്നതെന്ന വിവരം അദ്ദേഹത്തിന് അറിഞ്ഞിരുന്നില്ല.

ക്രിസ്മസിന് മുന്നോടിയായി റിയയ്ക്കൊപ്പമുള്ള ജാമിയുടെ ഒരു ഫോട്ടോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. ഈ ഫോട്ടോ കണ്ട ഒരു സെമിത്തേരി ജീവനക്കാരനാണ് റിയ അവിടെയാണ് കഴിഞ്ഞിരുന്നതെന്ന വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് അറിഞ്ഞു.

2020 ല്‍ ആണ് 69 കാരനായ ഭര്‍ത്താവ് എഡ്ഡി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പാസ്റ്ററും സംഗീതജ്ഞനുമായിരുന്നു എഡ്ഡി. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു റിയ. ഭര്‍ത്താവിന്റെ മരണത്തോടെ കടുത്ത വിഷാദത്തിലായ റിയക്ക് ജോലി നഷ്ടപ്പെടുകയും വാടക നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. ഇതോടെ താമസിക്കുന്ന വീട്ടില്‍ നിന്ന് അവരെ പുറത്താക്കി.

പോകാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ കല്ലറയ്ക്ക് മുകളില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിലായിരുന്നു യുവതി ഉറങ്ങിയിരുന്നത്. പകല്‍ സമയങ്ങളില്‍ പള്ളികളിലും ഭക്ഷണശാലകളിലും സന്നദ്ധസേവനം നടത്തിയിരുന്ന റിയ, രാത്രിയാകുമ്പോള്‍ ആരുമറിയാതെ സെമിത്തേരിയില്‍ തിരിച്ചെത്തും. ആരോടും പരാതി പറയാതെയും സഹായം ചോദിക്കാതെയും എട്ട് മാസത്തോളം അവര്‍ സെമിത്തേരിയില്‍ ഭര്‍ത്താവിന്റെ കല്ലറയ്ക്ക് മുകളില്‍ കഴിഞ്ഞു.

റിയയുടെ ദുരിത ജീവിതത്തെ കുറിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ അവര്‍ക്ക് താമസിക്കാന്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്തു. പിന്നീട് ഗോ ഫണ്ട് മി വഴി നടത്തിയ സാമ്പത്തിക സമാഹരണത്തിലൂടെ 27,000 ഡോളറിലധികം (ഏകദേശം 22 ലക്ഷം രൂപ) സമാഹരിച്ചു. ലെമോയ്ന്‍ കോളേജ് പ്രസിഡന്റ് ലിന്‍ഡ ലെമുറ അവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യവും ഒരുക്കി.

2026 ജനുവരി അഞ്ചിന് ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ഒരു സംഘടനയുടെ സഹായത്തോടെ നിര്‍മിച്ച പുതിയ വീട്ടിലേക്ക് റിയ താമസം മാറി. ‘എല്ലാം ഒരു ദൈവനിശ്ചയം. എനിക്ക് സഹായം ആവശ്യമായപ്പോള്‍ ദൈവം ജാമിയെ എന്റെ അടുത്തേക്ക് അയച്ചു,’ എന്നാണ് ഇതേകുറിച്ചുള്ള റിയയുടെ പ്രതികരണം. ഇന്ന് പൊലീസ് ഓഫീസര്‍ ജാമിയും റിയയും അടുത്ത സുഹൃത്തുക്കളാണ്. ദിവസവും അവര്‍ ഫോണില്‍ സംസാരിക്കുകയും കാപ്പി കുടിക്കാന്‍ ഒത്തുകൂടുകയും ചെയ്യാറുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page