മലപ്പുറം: 10 വര്‍ഷത്തിനുശേഷം സൗദി എയര്‍ലൈന്‍സ് സര്‍വീസ് കരിപ്പൂരില്‍ പുനരാരംഭിച്ചു. 185 മുതല്‍ 239 വരെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. രാവിലെ 8.35ന് കോഴിക്കോട് എത്തുന്ന വിമാനം 9.45ന് കോഴിക്കോട് നിന്ന് റിയാദിലേക്ക് പുറപ്പെടും. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
കോഴിക്കോട്ടു നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകളുണ്ടാകുക. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 14 വരെയാണ് ഈ സമയക്രമം. മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ ആറു ദിവസവും സര്‍വീസുണ്ടാകും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. മാര്‍ച്ച് 28വരെയുള്ള സമയക്രമമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
2015ല്‍ റണ്‍വേ നവീകരണത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സൗദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിട്ടത്. അതേസമയം യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിദ്ദ സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.







