കാസർകോട്: കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. കേന്ദ്രമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റിൽ രാജ്യത്തിൻറെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം മറന്നുവെന്ന് കുമ്പളയിൽ ഇടതുമുന്നണി വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബജറ്റിൽ കേരളത്തിൻറെ ആവശ്യം പരിഗണിച്ചതേയില്ല. എന്താണ് കേരളത്തിന്റെ അയോഗ്യത എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ധാതു ഇടനാഴി കുത്തകകളെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ പ്രധാന ആവശ്യങ്ങളൊന്നും ബജറ്റിൽ പ്രതിഫലിച്ചില്ല. കേന്ദ്രത്തിന് കേരളത്തോട് ഒരു മാറ്റവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ 2016 നുശേഷം ഉണ്ടായ വികസന പ്രവർത്തനങ്ങളും മാറ്റങ്ങളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. വിദ്യാഭ്യാസ രംഗത്തു പത്തുവർഷം മുമ്പത്തെ സ്ഥിതി എന്തായിരുന്നു ? ഇപ്പോഴത്തെ സ്ഥിതി എന്താണ്? ക്ലാസ് റൂമുകൾ ഒക്കെ സ്മാർട്ട് ക്ലാസ് റൂമുകൾ ആയില്ലേ? സ്കൂളുകൾ ഹൈടെക്കായില്ലേ ? അദ്ദേഹം ചോദിച്ചു. ജാഥാക്യാപ്ടൻ എം.വി. ഗോവിന്ദൻ, മാനേജർ പി. സന്തോഷ് കുമാർ ഘടകക്ഷി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കുമ്പളയിലെ ഉദ്ഘാടനത്തിന് ശേഷം നുള്ളിപ്പാടിയിൽ യാത്രയ്ക്ക് സ്വീകരണം ഉണ്ടായിരിക്കും. നാളെ രാവിലെ പെരിയടുക്കത്തു നിന്നു പുറപ്പെടുന്ന യാത്രയ്ക്ക് 3 മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും തുടർന്ന് കാലിക്കടവിലും സ്വീകരണം ഉണ്ടായിരിക്കും. തുടർന്ന് യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കും . കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിനു ശേഷം യാത്ര 16ന് പാലക്കാട്ട് സമാപിക്കും.








