കേരളത്തിന് നിരാശ; ഭാവിക്ക് വേണ്ടി; സ്വയം പര്യാപ്ത നാടിന് വേണ്ടി കേന്ദ്രബജറ്റ്

ന്യൂഡല്‍ഹി: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍പാതയും എയിംസും, വിഴിഞ്ഞവും കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ പരാമര്‍ശിച്ചില്ല. അതേസമയം ദേശീയതലത്തില്‍ സന്തുലിത പുരോഗതിക്കും വികസനത്തിനും സമഗ്ര പദ്ധതികള്‍ ബജറ്റ് നിര്‍ദേശിച്ചു. യുവാക്കളുടേയും സാധാരണക്കാരുടേയും പുരോഗതിക്കും നാടിന്റെ സ്വയം പര്യാപ്തതയ്ക്കും വഴിയൊരുക്കുന്ന നിരവധി പദ്ധതികള്‍ ബജറ്റ് നിര്‍ദേശിക്കുന്നുണ്ട്.

സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ ബജറ്റില്‍ പ്രകടമാണ്. ഇത് യുവശക്തി ബജറ്റാണെന്നും രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്നും ഉല്‍പാദനം കൂട്ടി സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്നും ബജറ്റ് അവതരണത്തിലൂടെ മന്ത്രി നിര്‍മല സിതാരാമന്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങള്‍, സൗകര്യങ്ങള്‍, അവസരങ്ങള്‍ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

ബജറ്റില്‍ കേരളത്തെ ചേര്‍ത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. ധാതു സമ്പന്നമായ സംസ്ഥാനങ്ങളെ ചേര്‍ത്തുനിര്‍ത്തി അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡിഷയിലും തമിഴ്‌നാട്ടിലും ധാതു ഇടനാഴി സ്ഥാപിക്കും.

സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗറെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഹൈദരാബാദ്-ചെന്നൈ അതിവേഗ റെയില്‍ ഇടനാഴി, ദില്ലി വാരണാസി അതിവേഗ ഇടനാഴി, വാരണാസി- സിലിഗുരി അതിവേഗ ഇടനാഴി, മുംബൈ- പൂനെ അതിവേഗ ഇടനാഴി, ഹാദരാബാദ് ബെംഗളൂരു അതിവേഗ ഇടനാഴി, ഹൈദരാബാദ്- ചെന്നൈ അതിവേഗ ഇടനാഴി, ചെന്നൈ – ബെംഗളൂരു ഇടനാഴി എന്നിവയാണ് നിര്‍മല സിതാരാമന്‍ പ്രഖ്യാപിച്ച ഏഴു അതിവേഗ ഇടനാഴികള്‍. ഈ സമയം കേരള എംപിമാര്‍ ‘കേരളം, കേരളം’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

രാജ്യത്ത് ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടായതായി ധനമന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി പുനരുപയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചെറുകിട- ഇടത്തരം- സാങ്കേതിക വ്യവസായങ്ങള്‍ക്ക് പുതിയ പദ്ധതിയും പ്രോത്സാഹനവും, ടെക്‌സ്റ്റൈല്‍ മേഖല, കണ്ടെയ്‌നര്‍ നിര്‍മാണം, ഖാദി മേഖലയ്ക്ക് കൈത്താങ്ങ്, ഖാദിയെ പ്രോത്സാഹിപ്പിക്കാന്‍ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് പദ്ധതി, കായിക ഉപകരണ നിര്‍മാണത്തിന് പദ്ധതി, പുതിയ 12 ജലപദ്ധതികള്‍, ചരക്കുനീക്കത്തിന് പുതിയ ഇടനാഴി, നാഷണല്‍ ഹാന്‍ഡി ക്രാഫ്റ്റ്‌സ് പദ്ധതി, 20 പുതിയ ജലപാതകള്‍, നയ്ത്തുകാരേയും കരകൗശല വിദഗ്ദരേയും ഉള്‍പ്പെടുത്തി നാഷണല്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് പദ്ധതി, സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിന് പദ്ധതി, ഖാദി, കൈത്തറി കൃഷി, ചെറുകിയ വ്യവസായം, ആയൂര്‍വേദം, ആയൂര്‍വേദ സസ്യ കൃഷി, യോഗാസന, ഗ്രാമീണ സ്ത്രീ ശാക്തീകരണം, വനിതാ സംരഭകര്‍ക്ക് ഷി മാര്‍ട്ടുകള്‍, വനിതാ സംരഭകര്‍ക്ക് സാമ്പത്തിക സഹായം ജില്ലകള്‍ തോറും വനിതാ ഹോസ്റ്റലുകള്‍, കര്‍ഷകര്‍ക്ക് എ-ഐ പ്രഖ്യാപനം, കാര്‍ഷികോപ്ദാന വര്‍ധനവിന് സമഗ്ര പദ്ധതി, കൃത്രിമ അവയവ നിര്‍മാണങ്ങള്‍ക്ക് ദേശീയ കരകൗശല പദ്ധതി, അഖിലേന്ത്യ ആയൂര്‍വേദ മെഡിക്കല്‍ പഠന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക ആരോഗ്യ വിദ്യാഭ്യാസത്തിന് പ്രോത്സാഹന സഹായവും, മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് വിലക്കുറവ്, തുടങ്ങി സാധാരണക്കാരേയും കര്‍ഷകരേയും സഹായിക്കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.

പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. നികുതി നിയമം ലഘൂകരിക്കും, നികുതി കട ഘടനയില്‍ മാറ്റമില്ല, ബാങ്കുകളെ ജന സൗഹൃദമാക്കും, കാര്‍ഷിക വ്യാവസായിക കേന്ദ്രങ്ങള്‍ക്കും ധനസഹായം, ജൂലൈ 31 വരെ റിട്ടേണുകള്‍ സമര്‍പ്പിക്കാം, നികുതി വെട്ടിപ്പുകാര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ മേഖലകളുടെ വികസനത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റില്‍ പ്രവാസികള്‍ക്കും പരിഗണന. പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും. വിദേശയാത്രയുടെ ടിസിഎസ് അഞ്ചില്‍ നിന്ന് രണ്ടുശതമാനമാക്കി. വിദേശ ഇന്ത്യക്കാര്‍ക്ക് നികുതി ഇളവ് നല്‍കും. വിദേശത്ത് പണമയക്കാന്‍ കുറഞ്ഞ നികുതി ഏര്‍പ്പെടുത്തി, വിദേശ സ്വത്ത് രേഖപ്പെടുത്താന്‍ ആറുമാസം സമയം അനുവദിച്ചു.

വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ഇല്ല. പുതിയ ഇന്‍കം ടാക്‌സ് ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും, വരുമാനത്തെ കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷ, വാഹനാപകട നഷ്ടപരിഹാരത്തിന് നികുതി ഇല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page