കോട്ടയം: യുവതീ-യുവാക്കളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശിനി ആസിയ (20), പുതുപ്പള്ളിയിലെ നന്ദകുമാര്‍ (22) എന്നിവരെയാണ് കോട്ടയത്തെ ലോഡ്ജ് മുറിയിൽ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം ജെ അരുണിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മുറി തള്ളി തുറന്നു നോക്കിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
മുറിയില്‍ നിന്നു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ആസിയയും നന്ദകുമാറും പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ ഇരുവരുടെയും വിവാഹത്തിനു വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ഇതിനിടയില്‍ ആസിയയെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ആസിയയെയും നന്ദകുമാറിനെയും ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് വ്യക്തമാക്കി.







