പാലക്കാട്: കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാര്യയെ ഒഴിവാക്കാന്‍ ഒരുമിച്ച് ആത്മഹത്യാ ശ്രമം നടത്തി യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊഴിഞ്ഞാമ്പാറ, കോട്ടായി, കൂളിമഠം മേലേതില്‍ വീട്ടില്‍ എം എസ് ശിവാനന്ദ (41)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മേനോന്‍പാറ കെ ബി നഗര്‍ കളരിക്കല്‍ ശ്രീശിവത്തില്‍ ദീപിക (30) തൂങ്ങി മരിച്ച കേസിലാണ് അറസ്റ്റ്.
2025 സെപ്തംബര്‍ 25ന് ആയിരുന്നു സംഭവം. ആറു വര്‍ഷം മുമ്പാണ് ശിവാനന്ദനും ദീപികയും പ്രണയവിവാഹിതരായത്. ആറുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. ഇതിനായി പല തരത്തിലുള്ള ചികിത്സ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതിന്റെ മനോവിഷമത്തില്‍ സാരിയില്‍ കെട്ടിതൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെന്നാണ് ശിവാനന്ദന്‍ പറഞ്ഞിരുന്നത്. അവശനിലയിലായ ദീപിക ചികിത്സയിലിരിക്കെ സെപ്തംബര്‍ 27ന് രാത്രി 11.30ന് ആണ് മരിച്ചത്.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശിവാനന്ദന്റെ ഗൂഢ പദ്ധതിയുടെ ചുരുളഴിഞ്ഞത്. ദീപികയെ ഒഴിവാക്കി മറ്റൊരു യുവതിയെ കല്യാണം കഴിക്കുകയായിരുന്നു ശിവാനന്ദന്റെ നീക്കം. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നാണ് ദീപികയെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് സാരികൊണ്ട് രണ്ടുകുടുക്കുകള്‍ ഉണ്ടാക്കി. ദീപികയ്ക്ക് തയ്യാറാക്കിയ കുരുക്ക് മുറുകുന്ന തരത്തിലും ശിവാനന്ദന്റെ കഴുത്തിലിട്ടത് ഒരിക്കലും മുറുകാത്ത രീതിയിലുള്ളതുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പൊലീസ് കണ്ടെത്തിയതെല്ലാം ശിവാനന്ദന്‍ സമ്മതിച്ചതോടെയാണ് അറസ്റ്റു ചെയ്തത്.







