കുമ്പള: കുമ്പള ദേശീയപാത ടോള്‍ ബൂത്തില്‍ അക്രവും ഗതാഗത തടസ്സവും ഉണ്ടാക്കിയെന്ന പരാതിയില്‍ സമരസമിതി നേതാവും സിപിഎം ഏരിയാ സെക്രട്ടറിയുമായ സിഎ സുബൈര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സമരസമിതി നേതാക്കളും ലീഗ് ഭാരവാഹികളുമായ എ.കെ ആരിഫ്, അഷ്‌റഫ് കാര്‍ള, കണ്ടാലറിയാവുന്ന മറ്റു ഏഴു പേര്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ്.
ടോള്‍ബൂത്ത് മാനേജറും ഹരിയാന സ്വദേശിയുമായ അമിത് കുമാറിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്ക് ഇവരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നെത്തിയവര്‍ ടോള്‍ ബൂത്തിനു മുന്നില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തുകയും പരാതിക്കാരനെ ഒന്നാം പ്രതിയായ സുബൈര്‍ തടഞ്ഞു നിറുത്തി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതിക്കാരനെയും ടോള്‍ ബൂത്തിലെ മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







