സാംസ്‌ക്കാരിക നായകന്മാരുടെ കര്‍മ്മ പഥങ്ങളിലൂടെ തപസ്യയുടെ തീര്‍ത്ഥയാത്ര

കാസര്‍കോട്: തപസ്യ കലാസാഹിത്യവേദി സുവര്‍ണ്ണോത്സവത്തിന്റെ ഭാഗമായ ഉത്തരായനം സാംസ്‌ക്കാരിക യാത്ര ശനിയാഴ്ച രാവിലെ ചെറുവത്തൂര്‍ കുട്ടമത്ത് കവി ഭവനില്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നിനു കാറഡുക്ക കലാഗ്രാമത്തില്‍ സമാപിക്കും.
സാഹിത്യ-കലാ- സാംസ്‌ക്കാരിക രംഗങ്ങളിലെ കാസര്‍കോട് ജില്ലയിലെ പൂര്‍വ്വസൂരികളെ അറിയാനും ആദരിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുകയെന്നതാണ് സാംസ്‌ക്കാരിക യാത്ര ലക്ഷ്യമാക്കുന്നത്. കേരളത്തിന്റെ സാംസ്‌ക്കാരിക സ്പന്ദനങ്ങളെ കൂടുതല്‍ ശക്തമായി സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്ന ശ്രമത്തില്‍ സഹൃദയരുടെ ശ്രദ്ധ തപസ്യ ക്ഷണിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി ജി ഹരിദാസ് ഉദ്ഘാടനം ചെയ്യും. സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന്‍ ആധ്യക്ഷ്യം വഹിക്കും. അക്ഷരശ്ലോക പണ്ഡിതന്‍ പി പി കുഞ്ഞിക്കണ്ണന്‍, കെ കെ ഗോവിന്ദന്‍കുട്ടിക്കുറുപ്പ് (കഥകളി), ജനാര്‍ദ്ദനന്‍ കുട്ടമത്ത് (ഓട്ടന്‍തുള്ളല്‍), കെ കെ പിഷാരടി (യക്ഷഗാനം) എന്നിവരെ ആദരിക്കും. തുടര്‍ന്നു സാംസ്‌ക്കാരിക സമന്വയസ്ഥാനങ്ങളായ നീലേശ്വരം തെക്കേകോവിലകം, അതിയാമ്പൂര്‍ രസികശിരോമണി കോമന്‍ നായരുടെ ഭവനം, പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ ഭവനം, ആനന്ദാശ്രമം, വെള്ളിക്കോത്ത് മഹാകവി പിയുടെ ഭവനം, അരവത്തെ കഥകളി ആചാര്യന്‍ കണ്ണന്‍ പാട്ടാളിയുടെ ഭവനം, പരവനടുക്കം, കവി മേലത്തു ചന്ദ്രശേഖരന്റെ ഭവനം, പുലിക്കുന്നു പാവക്കൂത്ത് കലാകാരന്‍ കെ വി രമേശിന്റെ ഭവനം സന്ദര്‍ശിക്കും. ഫെബ്രുവരി ഒന്നിനു കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥമഠം, മഞ്ചേശ്വരം രാഷ്ട്രകവി ഗോവിന്ദ പൈയുടെ ജന്മഗൃഹം, ബങ്കര മഞ്ചേശ്വരം ജൈനക്ഷേത്രം, കൊണ്ടവൂര്‍ നിത്യാനന്ദ യോഗാശ്രമം, അനന്തപുരം ക്ഷേത്രം, ബദിയഡുക്ക കയ്യാര്‍ കിഞ്ഞണ്ണറൈ ഭവനം എന്നിവിടങ്ങളും സാംസ്‌ക്കാരിക യാത്ര പര്യടനം നടത്തും. തപസ്യ ഭാരവാഹികളും പ്രവര്‍ത്തകരും യാത്രയിലുണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page