ചെറുവത്തൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം പാട്ട് ഉത്സവം തുടങ്ങി. 12 ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ക്ഷേത്രത്തിന് കീഴിലുള്ള വിവിധ കഴകങ്ങളിൽ നിന്നു ക്ഷേത്രേശന്മാരും സ്ഥാനികരും ഭക്തരും പങ്കെടുത്തു. ജന്മഗണിശന്മാരായ ചന്തേര കെ. പുരുഷോത്തമൻ, എളമ്പച്ചി കെ. ബാബു എന്നിവരുടെ നേതൃത്വത്തിൽ തിരുവായുധം എഴുന്നുള്ളിക്കുന്നതിനുള്ള മുഹൂർത്തം കുറിക്കുന്ന കുട വെയ്ക്കൽ ചടങ്ങ് നടന്നു. വേങ്ങക്കോട്ട്, കാപ്പാട് ,കണ്ണമംഗലം, രാമവില്യം, തടിയൻ കൊവ്വൽ ,കുറുവാപ്പള്ളി, പയ്യക്കാൽ, പടന്ന തുടങ്ങിയ കഴകങ്ങളിൽ നിന്നും മുണ്ട്യകളിൽ നിന്നുമുള്ള ക്ഷേത്രേശന്മാരും സ്ഥാനികരും പങ്കെടുത്തു. ചന്തേര കണ്ണന്നൂർ മഠം അമ്മ്യംകണ്ടം, മുണ്ട വളപ്പിൽ, കാവുങ്കൽ എന്നീ തറവാട് കാരണവന്മാരുടെ അരി അളവും തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവായുധം എഴുന്നള്ളതും നടന്നു. ഉത്സവ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും തിരുവായുധം എഴുന്നള്ളത്ത് നടക്കും.രണ്ടാം പാട്ട് ദിവസമായ ഇന്ന് രാത്രി കാറമേൽ ശാന്തി കളരി സംഘത്തിന്റെ കളരിപ്പയറ്റ് നടക്കും.
ഫെബ്രുവരി ഏഴു വരെ വിവിധ കലാപരിപാടികൾ നടക്കും.






