കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ സ്‌പോട്ട് ടോള്‍ പിരിവ് തല്‍ക്കാലത്തേക്ക് നിറുത്തിവച്ചു. ബുധനാഴ്ച്ച രാത്രി ഉണ്ടായ അനിഷ്ട സംഭവങ്ങളും രാത്രി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ബൂത്തിലെത്തി നല്‍കിയ താക്കീതും കണക്കിലെടുത്താണ് പിരിവ് നിര്‍ത്തിയത്. അതേസമയം ഫാസ്റ്റ് ടാഗ് വഴിയുള്ള ടോള്‍ പിരിവ് തുടരുന്നുണ്ട്. ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ച മാറ്റി വച്ചിരുന്നു. ദേശീയപാതയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു ഹര്‍ജി മാറ്റിയത്.
ഇതിനു പിന്നാലെയാണ് ബുധനാഴ്ച വൈകുന്നേരത്തേടെ ടോള്‍ പിരിവ് ആരംഭിച്ചത്. ഇത് വലിയ പ്രതിഷേധത്തിനും നാടകീയ സംഭവങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. രാത്രി ഒന്‍പതു മണിയോടെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സി എ സുബൈര്‍, എ കെ ആരിഫ്, അഷ്‌റഫ് കാര്‍ളെ, ലക്ഷ്മണ പ്രഭു, താജുദ്ദീന്‍ മൊഗ്രാല്‍ എന്നിവര്‍ ടോള്‍ പ്ലാസയിലെത്തി പ്രതിഷേധം അറിയിച്ചു. ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുന്നതുവരെ ടോള്‍ പിരിവ് നടത്തിയാല്‍ തടയുമെന്നായിരുന്നു താക്കീത്. ടോള്‍ ബൂത്ത് ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. ഇതൊക്കെ കണക്കിലെടുത്താണ് സ്‌പോട്ട് ടോള്‍ പിരിവ് നിര്‍ത്തിവച്ചത്.
അതേസമയം ടോള്‍ പിരിവ് വിഷയത്തില്‍ പൊലീസ് കാണിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് യു ഡി എഫ് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുമ്പള പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ സംഗമം നടത്തുമെന്ന് യു ഡി എഫ് നേതാക്കള്‍ അറിയിച്ചു. ടോള്‍ പ്ലാസ പരിസരത്തു നിന്നു പ്രകടനമായിട്ടായിരിക്കും പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധസംഗമത്തിനു എത്തുകയെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.






