കാസര്‍കോട്: കുമ്പള, നായിക്കാപ്പിലെ അഭിഭാഷകയായ ചൈത്രയുടെ വീട് കുത്തിത്തുറന്ന് 29 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയുടെ വെള്ളിയും 5000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതി ഇബ്രാഹിം കലന്തറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കവര്‍ച്ച പോയ സ്വര്‍ണ്ണാഭരണങ്ങളില്‍ ചെറിയ ഭാഗം മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. അവശേഷിക്കുന്ന സ്വര്‍ണ്ണം കണ്ടെടുക്കുന്നതിനു പ്രതിയുമായി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നു കസ്റ്റഡി അപേക്ഷയില്‍ പൊലീസ് പറഞ്ഞു. ജനുവരി 18ന് വൈകുന്നേരം ആറു മണിക്കും രാത്രി എട്ടു മണിക്കും ഇടയിലായിരുന്നു കവര്‍ച്ച നടന്നത്. ഈ സമയത്ത് ചൈത്രയും കുടുംബവും ഉത്സവം കാണാന്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും മറ്റും കവര്‍ച്ച ചെയ്തതായി മനസ്സിലായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതിയായ ഇബ്രാഹിം കലന്തറിനെ ദിവസങ്ങള്‍ക്കകം അറസ്റ്റു ചെയ്യുകയായിരുന്നു.
അതേസമയം ഒന്നര വര്‍ഷം മുമ്പ് നടന്ന സമാനമായ മറ്റൊരു കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കവര്‍ച്ചക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി രംഗത്തെത്തി. കുമ്പള, ശാന്തിപ്പള്ളത്തെ സുബൈര്‍ ആണ് പരാതിക്കാരന്‍. 2024 മാര്‍ച്ച് 25നാണ് സുബൈറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. നാട്ടിലെത്തിയ സുബൈര്‍ വീടുപൂട്ടി കുടുംബസമേതം ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണം, പുതിയ ആഡംബര ഷൂസ്, പുത്തന്‍ ടീഷര്‍ട്ടുകള്‍, സുഗന്ധവസ്തുക്കള്‍, 450 ദിര്‍ഹം എന്നിവ കവര്‍ച്ച ചെയ്യുകയായിരുന്നു. പൊലീസ് കേസെടുത്തതല്ലാതെ മതിയായ അന്വേഷണം ഉണ്ടായിട്ടില്ലെന്നു സുബൈര്‍ പറഞ്ഞു.







