കാസര്‍കോട്: പൊതുപ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായ കെഎസ് സാലി കീഴൂരിനെ നല്ല നടപ്പിനു ശിക്ഷിക്കാന്‍ ആര്‍ഡിഒക്കു റിപ്പോര്‍ട്ടു നല്‍കിയ മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എന്‍പി രാഘവനെതിരെ സാലി, ജില്ലാ പൊലീസ് ചീഫിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ രാഘവന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ആര്‍ഡിഒ പുറപ്പെടുവിച്ച ഒരു വര്‍ഷത്തെ നല്ല നടപ്പു ശിക്ഷ ഹൈക്കോടതി റദ്ദാക്കി.
വിശ്വസ്തനായ പൊതുപ്രവര്‍ത്തകനെന്നു ജില്ലാ പൊലീസ് മേധാവി സാക്ഷ്യപ്പെടുത്തിയിട്ടുള്ള ആളാണ് കെഎസ് സാലി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ സാലി പരാജയപ്പെട്ടു. ഫലം അറിവായുടനെ ഒരാള്‍ മദ്യപിച്ചു വീട്ടു പടിക്കലെത്തി സാലിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. ഇതിനെത്തുടര്‍ന്നു സാലിയുടെ കുടുംബാംഗങ്ങള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ പരാതിയില്‍ കേസെടുക്കാതെ പൊലീസ് അതിന് അടയിരിക്കുകയായിരുന്നെന്നു പറയുന്നു. ഇതില്‍ പ്രതിഷേധിച്ചു വനിതാ കമ്മിഷനും ഡിവൈ.എസ്പിക്കും പരാതി കൊടുത്തു. ഒടുവില്‍ 20ന് പൊലീസ് കേസെടുത്തു. അതിനു ശേഷം കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടെന്നു സാലി പറഞ്ഞു. വീട്ടുപടിക്കല്‍ വന്നു നിന്നു പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതു തെറ്റാണെങ്കില്‍ അതിനു നടപടിയെടുക്കണമെന്നും പരാതി പിന്‍വലിക്കുന്ന പ്രശ്‌നമേ ഇല്ലെന്നും സാലി തീര്‍ത്തു പറഞ്ഞു. ഇതു കേട്ട സിഐ എതിര്‍കക്ഷിയെ സ്റ്റേഷനില്‍ വിളിപ്പിച്ചു സാലിക്കെതിരെ പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചുവത്രെ.
അതനുസരിച്ചു 13നു നടന്ന സംഭവത്തില്‍ പ്രശ്‌നമുണ്ടാക്കിയ ആള്‍ 20നു പരാതി കൊടുത്തു. രണ്ടു പരാതികളിലും 10 ദിവസത്തിനുള്ളില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. അതിനുശേഷം സാലിയെ നല്ല നടപ്പിനു ശിക്ഷിക്കണമെന്നു ഇന്‍സ്‌പെക്ടര്‍ സബ്ഡിവിഷന്‍ മജിസ്‌ട്രേട്ടിനു റിപ്പോര്‍ട്ടു നല്‍കുകയും ആര്‍ഡിഒ കോടതി സാലിയെ നല്ല നടപ്പിനു ശിക്ഷിക്കുകയുമായിരുന്നു.
ഒരാള്‍ക്കെതിരെ ഒരു കേസ് മാത്രമേ ഉള്ളുവെങ്കിലും തുടര്‍കുറ്റകൃത്യങ്ങള്‍ തടയാന്‍ അയാളെ നല്ല നടപ്പിനു വിധേയനാക്കാനുള്ള റിപ്പോര്‍ട്ട് നല്‍കാമെന്നുണ്ടെന്ന് ഇതിനെക്കുറിച്ചു വാര്‍ത്താ ലേഖകരോടു ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അതനുസരിച്ചാണ് നടപടിയെടുത്തതെന്നു കൂട്ടിച്ചേര്‍ത്തു.
അതേ സമയം നിയമം പരിപാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നു സാലി ജില്ലാ പൊലീസ് ചീഫിനും മനുഷ്യാവകാശ കമ്മിഷനും പരാതി കൊടുത്തു. ഇത്തരക്കാര്‍ പൊലീസ് സംവിധാനത്തിനും സംസ്ഥാനത്തിനും അപമാനമാണന്ന് അദ്ദേഹം പറഞ്ഞു.







