കുമ്പള: ഹോട്ടല്‍ മലിനജലവും മാലിന്യങ്ങളും ദേശീയ പാതയ്ക്കായി. ഹോട്ടലുകളില്‍ നിന്നുള്ള മലിനജലവും മാലിന്യങ്ങളുമാണ് ഹോട്ടലുകളിലെ അണ്ടര്‍ഗ്രൗണ്ടു ടാങ്കുകളില്‍ നിറച്ച ശേഷം രാത്രി സമയങ്ങളില്‍ ദേശീയ പാത ഓവുചാലുകളിലേക്ക് വിടവുണ്ടാക്കി പൈപ്പു വഴി ഒഴുക്കി വിടുന്നത്. ഇപ്പോഴിത് പ്രശ്‌നമല്ലെങ്കിലും ഭാവിയിലിതു വലിയ ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന് ഉത്കണ്ഠയുണ്ട്. മറ്റു കടകളില്‍ നിന്നുള്ള മാലിന്യങ്ങളും ഓവുചാലുകളില്‍ കുത്തിനിറക്കാന്‍ തക്കം പാര്‍ത്തു നടക്കുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
കുമ്പള ടൗണിനടുത്തെ ഒരു ഹോട്ടലിലെ മലിനജലം പൈപ്പുവഴി ദേശീയപാത ഓവുചാലില്‍ ഒഴുക്കുന്നതു യുവാക്കള്‍ റിക്കാര്‍ഡ് ചെയ്തു. ഹോട്ടലിന്റെ ടാങ്കില്‍ നിന്നു പൈപ്പിട്ടു മോട്ടോര്‍ ഉപയോഗിച്ചു മലിനജലം ഓവുചാലിനു മുകളിലുള്ള വിടവ് ഒരു പൈപ്പ് താഴ്ത്തി വയ്ക്കാന്‍ പരുവത്തിലാക്കിയ ശേഷം അതുവഴി പൈപ്പ് ഓവുചാലിലേക്ക് താഴ്ത്തിയാണ് മലിനജലം ഒഴുക്കി വിടുന്നത്. ഹോട്ടലുകള്‍ അവരുടെ അധീനതയിലുള്ള സ്ഥലത്ത് മാലിന്യ സംസ്‌കരണത്തിനു ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെന്ന് ഹോട്ടലിനു അനുമതി നല്‍കുന്നതിനു മുമ്പ് പഞ്ചായത്തുകളിലും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കേണ്ടതാണെങ്കിലും അതൊക്കെ ഒരു ആചാരമായി സര്‍ക്കാര്‍ ജീവനക്കാര്‍ മാറ്റിയിരിക്കുകയാണെന്നു ആക്ഷേപമുണ്ട്.







