പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ജനുവരി 18 ന് ആണ് കേസില്‍ രാഹുലിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. 14 ദിവസത്തിനുശേഷമാണ് ഇപ്പോള്‍ ജാമ്യം കിട്ടുന്നത്. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ തീരുമാനം. രൂക്ഷമായ വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ നടന്നത്.
മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു അഭിഭാഷകര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍, ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍, എന്നിവ പരിഗണിച്ച് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ബലാത്സംഗമല്ലെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള മൂന്ന് കേസുകളാണ് രാഹുലിനെതിരെ എടുത്തിരിക്കുന്നത്.







