കണ്ണൂര്‍: 15കാരി മണ്ണെണ്ണ ഒഴിച്ച് കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേരാവൂര്‍, കളക്കുടുമ്പില്‍ പി. വിഷ്ണു (24) വിനെയാണ് പേരാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കാടുവെട്ടിത്തെളിക്കല്‍ ജോലി ചെയ്യുന്ന ആളാണ് ഇയാള്‍. 5 മാസം മുമ്പാണ് പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. അടുത്തിടെ ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ ഇന്‍സ്‌പെക്ടര്‍ എംപി വിനീഷ് കുമാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുത്തതോടെയാണ് പീഡനം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവാവ് സ്ഥിരമായി വിളിക്കുകയും സന്ദേശം അയച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം പുറത്തായത്.







