പയ്യന്നൂര്‍: സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത വിരോധത്തിലാണെന്നു പറയുന്നു ,സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂര്‍, ചേനോത്ത് സ്വദേശിയും മെഡിക്കല്‍ റപ്രസന്ററ്റീവുമായ പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്. വീട്ടിനു മുന്നില്‍ നിര്‍ത്തിയിരുന്ന പള്‍സര്‍ ബൈക്ക് പുറത്തേക്ക് തള്ളിക്കൊണ്ടു പോയാണ് കത്തിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു കൊണ്ട് നടന്ന പ്രകടനത്തില്‍ പ്രസന്നന്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വിരോധത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. അതേ സമയം ടിഐ മധുസൂദനനെ അനുകൂലിച്ചു കൊണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് വി. കുഞ്ഞികൃഷ്ണന്റെ വീട്ടിനു മുന്നില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. കാറമേല്‍ പ്രദേശത്ത് നിന്നും എത്തിയവരാണ് പ്രകടനം നടത്തിയതെന്നാണ് കുഞ്ഞികൃഷ്ണന്‍ അനുകൂലികള്‍ പറയുന്നത്. വെള്ളൂര്‍ ലോക്കലിലെ ഭൂരിഭാഗം പ്രവര്‍ത്തകരും കൃഞ്ഞികൃഷ്ണനൊപ്പമാണെന്നും പറയുന്നുണ്ട്.







