മരാമത്ത് സ്ഥലം ആര്‍ക്കും കയ്യേറാം; കോടതിയും നിയമവും മരാമത്ത്-പഞ്ചായത്ത് വകുപ്പുകള്‍ക്ക് പുല്ല്

കാസര്‍കോട്: പൊതുമരാമത്ത് റോഡ് കയ്യേറി പണിത കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിക്കുമെന്നു വീമ്പിളക്കിയ മരാമത്ത്, സ്വന്തം ഉത്തരവു വിഴുങ്ങി. മരാമത്തു കയ്യേറ്റം പൊളിക്കുന്നതിനു സംരക്ഷണം ഏര്‍പ്പെടുത്താന്‍ രാവിലെ രണ്ടു ബസ്സുകള്‍ നിറയെ എത്തിയ പൊലീസ് ഉച്ചവരെ കാത്തു നിന്ന ശേഷം വന്നപോലെ തിരിച്ചുപോയി.
ഹൈക്കോടതി രണ്ടു തവണ ഇടപെട്ട ഈ കേസില്‍ മരാമത്ത് സ്ഥലം കയ്യേറിയിട്ടുണ്ടോ എന്നു കണ്ടെത്താനും കയ്യേറിയിട്ടുണ്ടെങ്കില്‍ അത്രയും ഭാഗം പൊളിച്ചുമാറ്റാനും ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചു സര്‍വ്വെ വിഭാഗം സ്ഥലമളന്നു കയ്യേറ്റം അടയാളപ്പെടുത്തി മരാമത്തിനു കൈമാറി. പെരുമ്പളക്കടവില്‍ കയ്യേറ്റ സ്ഥലത്തു പ്രവര്‍ത്തിക്കുന്ന മൂന്നു കടമുറികളും കരിച്ചേരി തറവാടിന്റെ ഒരു ഗേറ്റും മറ്റൊരു സ്ഥലത്തിന്റെ ഗേറ്റും മരാമത്ത് സ്ഥലം കയ്യേറിയിട്ടുണ്ടെന്നായിരുന്നു സര്‍വ്വെ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ദിവസത്തിനുള്ളില്‍ കയ്യേറ്റ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നു മരാമത്തു കയ്യേറ്റക്കാരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം കയ്യേറ്റക്കാര്‍ ചുരുട്ടിയെറിഞ്ഞു. ഇതിനിടയില്‍ പരാതിക്കാര്‍ വീണ്ടും അധികൃതരോട് ഉത്തരവ് എന്തായെന്ന് ആരാഞ്ഞു. ഇതോടെ മരാമത്ത് ഫൈനല്‍ നോട്ടീസിറക്കി. ഉടന്‍ കയ്യേറ്റം ഒഴിവാക്കിക്കോ ഇല്ലെങ്കില്‍ അനുഭവിച്ചോ എന്ന മുന്നറിയിപ്പായിരുന്നു നോട്ടീസിന്റെ ഉള്ളടക്കമെന്ന് പറയുന്നു. അതും കയ്യേറ്റക്കാര്‍ വലിച്ചെറിഞ്ഞു. അതോടെ അത്രക്കായോ കയ്യേറ്റക്കാരെന്ന് മരാമത്തിനു വാശിപിടിച്ചു. പിന്നെ അന്ത്യശാസനമായിരുന്നു. 2026 ജനുവരി 27 എന്നൊരു ദിവസമുണ്ടെങ്കില്‍ പെരുമ്പള കടവിലെ കയ്യേറ്റം ഒഴിപ്പിച്ചിരിക്കുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ഇതു വിവാദ കടകളിലും മറ്റും ഒട്ടിക്കുകയും ചെയ്തു. പൊലീസിനോട് സംരക്ഷണവുമാവശ്യപ്പെട്ടു. ഇതനുസരിച്ചു രണ്ട് പൊലീസ് ബസ് നിറയെ സര്‍വ്വസജ്ജരായി എത്തിയ പൊലീസ് സംഭവസ്ഥലത്തു മരാമത്തിനെ കാത്തു നിന്നു. ഉച്ചക്ക് മരാമത്ത് അസി. എഞ്ചിനീയര്‍ സ്ഥലത്തെത്തി. കയ്യേറ്റക്കാര്‍ക്ക് ഇത്രക്കായോ ധിക്കാരമെന്ന് അവര്‍ ക്ഷോഭിച്ചുവെന്നു കാണികള്‍ പറയുന്നു. ഞങ്ങള്‍ മേലാളന്മാരുമായി ഒരു ചര്‍ച്ച നടത്തിക്കോട്ടെ, അപ്പോ കാണിച്ചു കൊടുക്കാമെന്ന തരത്തില്‍ ചുറ്റും നിന്നവരോടു വീരസ്യം പ്രകടിപ്പിച്ചു. എങ്കില്‍ പിരിയാമെന്നു പറഞ്ഞ് എല്ലാവരും വന്ന പോലെ തിരിച്ചു നടന്നു.
കയ്യേറ്റങ്ങള്‍ നിര്‍ണ്ണയിച്ച് ഒഴിപ്പിക്കാനുള്ള കോടതി നിര്‍ദ്ദേശം നിലവിലിരിക്കെ വിവാദ കെട്ടിടത്തിന് അന്നത്തെ പഞ്ചായത്തു സെക്രട്ടറി സ്ഥിരം കെട്ടിട നമ്പറും കൊടുത്തിരുന്നു.
കടകള്‍ പിഡബ്ല്യുഡി സ്ഥലം കയ്യേറിയിട്ടില്ലെന്നും നിയമപരമായി കയ്യേറ്റം കണ്ടെത്തിയാല്‍ ആ ഭാഗത്തെ കടയുടെ ഭാഗങ്ങള്‍ സ്വയം പൊളിച്ചുമാറ്റാമെന്നും കടയുടമ 500 രൂപ മുദ്രപത്രത്തില്‍ ഒപ്പുവച്ചു കൊടുത്തിരുന്നു. മുദ്രപത്രത്തില്‍ എഴുതുന്നതിനു നിയമ സാധുതയുണ്ട്. പക്ഷെ, എന്തു നിയമം ഏതു നിയമം എന്ന ധാരണ പരത്തുന്ന നടപടി നിയമം നടപ്പാക്കുന്നവരില്‍ നിന്നുണ്ടായാല്‍ ആരാണ് സ്വാഭാവിക നീതിക്കു വേണ്ടി ഇക്കൂട്ടരെ ഇനി സമീപിക്കുക എന്ന വലിയ പ്രശ്‌നം ഭയാനകമാവുകയാണ്. ഭരണാധികാരികളുടെ വാചകക്കസര്‍ത്ത് നാട്ടില്‍ അരാജകത്വം അനിയന്ത്രിതമാക്കുകയാണെന്ന ആക്ഷേപവും ഉണ്ടാക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page