കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസണ്‍ കളിക്കാന്‍ കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ മലയാളികളെ ആശങ്കപ്പെടുത്തുന്നു. ഓരോ തവണയും സഞ്ജു ടീമില്‍ ഇടം നേടുമ്പോള്‍ മലയാളികള്‍ അത് ആഘോഷമാക്കുന്നു.
സമീപകാലത്തെ സഞ്ജു സാംസണിന്റെ കളി ആരാധകരെ നിരാശപ്പെടുത്തുന്നു. വരാനിരിക്കുന്ന ട്വന്റി 20 ലോക കപ്പ് ടീമില്‍ ഇടം ഉറപ്പിക്കാനുള്ള അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുള്ള ട്വന്റി 20 പരമ്പര. എന്നാല്‍ ഇന്ത്യയുടെ തിളക്കമുള്ള വിജയത്തിനിടയിലും പരമ്പരയിലെ മൂന്നാം മാച്ചിലുണ്ടായ ഗോള്‍ഡന്‍ ഡക്ക് ആണ് ആരാധകരെ നിരാശപ്പെടുത്തിയത്. ആദ്യ മൂന്നുമത്സരങ്ങളിലും മോശം പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് അടുത്ത മാച്ചില്‍ അവസരം ലഭിക്കുമോ എന്ന് ആശങ്കപ്പെടുന്നു.
എന്താണ് സഞ്ജുവിന് സംഭവിച്ചതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ അത്ഭുതപ്പെടുന്നുണ്ട്. അടുത്തിടെ ബി.സി.സി.ഐയുടെ തീരുമാനങ്ങളെല്ലാം സഞ്ജുവിന് അനുകൂലമായിരുന്നു. കരിയറിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായ ഓപ്പണിങ് സ്ഥാനം തിരികെ ലഭിച്ചു. അങ്ങനെ എല്ലാ സാഹചര്യവും അനുകൂലമാണ്, പരിചിതമല്ലാത്ത വിക്കറ്റുകളിലേക്കല്ല ബാറ്റ് ചെയ്യാന്‍ എത്തുന്നതും. ഇതൊക്കെ ഉണ്ടായിരുന്നിട്ടും സഞ്ജുവിന്റെ പ്രകടനം മോശമാകുന്നതാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം.
ന്യൂസിലന്‍ഡ് പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നില്‍പ്പോലും രണ്ട് ഓവറിലധികം ക്രീസില്‍ നിലയുറപ്പിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. മറ്റ് ബാറ്റര്‍മാര്‍ക്കെല്ലാം കിവി ബൗളര്‍മാരെ ഡോമിനേറ്റ് ചെയ്യാന്‍ സാധിക്കുമ്പോഴാണ് സഞ്ജു അതിവേഗം കീഴടങ്ങുന്നത്. മൂന്ന് പുറത്താകലിന് പിന്നിലും കാരണമായത് ജഡ്ജ്‌മെന്റിലുണ്ടായ പിഴവായിരുന്നുവെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ് താരത്തിനേറ്റ തിരിച്ചടി. ടി ട്വന്റി പരമ്പരയിലെ ആദ്യ രണ്ടുമാച്ചുകളില്‍ പത്ത്, രണ്ട് എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. എങ്കിലും മൂന്നാം മാച്ചില്‍ റണ്‍മഴ പെയ്യിച്ച് വിമര്‍ശകരുടെ വായടപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മൂന്നാം മത്സരത്തില്‍ ഒരു പന്ത് പോലും കളിക്കാന്‍ കഴിയാതെ സഞ്ജു ക്രീസ് വിട്ടത്.
സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ മലയാളി താരത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. പരിക്കേറ്റ് പുറത്തിരിക്കുന്ന തിലക് വര്‍മ്മ മടങ്ങിയെത്തുമ്പോള്‍ ഇന്ത്യന്‍ നിരയിലെ മൂന്നാമനായിട്ടായിരിക്കും ക്രീസിലെത്തുക. അങ്ങനെയെങ്കില്‍ ഇഷാന്‍ ഓപ്പണിങ്ങിലേക്കും സഞ്ജുവിന് ബെഞ്ചിലേക്കും മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. റൈറ്റ് ലെഫ്റ്റ് കോമ്പിനേഷനില്‍ സഞ്ജു-അഭിഷേക് സഖ്യം ഓപ്പണിങ്ങില്‍ വരുമ്പോള്‍ മോശമല്ലാത്ത തുടക്കമാണ് ഇരുതാരങ്ങളില്‍ നിന്നും മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി സഞ്ജു തീര്‍ത്തും നിറംമങ്ങുന്ന പ്രകടനമാണ് നടത്തുന്നത്.
ന്യൂസിലന്‍ഡ് പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ക്കൂടി സഞ്ജുവിനെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തയാറായേക്കും. വിശാഖപട്ടണവും തിരുവനന്തപുരവും. ഈ രണ്ട് വേദികളായിരിക്കും സഞ്ജുവിന്റെ കരിയറിനെ പോലും നിര്‍ണയിക്കുക. ടീമിന് മുന്‍തൂക്കം നല്‍കി ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും ട്വന്റി 20 സംഘത്തിന്റെ ഉപനായകനുമായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കാന്‍ തയാറായ മാനേജ്‌മെന്റാണ് ബിസിസിഐ. അതുകൊണ്ട്, ലോകകപ്പ് നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു തീരുമാനവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കേണ്ടതില്ല. സഞ്ജു തിളങ്ങിയില്ലെങ്കില്‍ സ്വാഭാവികമായും പുറത്തിരിക്കേണ്ടി വന്നേക്കാം.
കിവീസുമായുള്ള പരമ്പരയിലെ നാലാം മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇവിടെയെങ്കിലും സഞ്ജുവിന് മികച്ച പ്രകടനം നടത്തണമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
2025 മുതല്‍ ഇതുവരെയുള്ള സഞ്ജുവിന്റെ ഇന്നിങ്‌സുകള്‍ പരിശോധിച്ചാല്‍ ഒരു അര്‍ദ്ധ സെഞ്ചുറി മാത്രമാണ് നേട്ടം. അതും ഏഷ്യ കപ്പില്‍ ഒമാനെതിരെ. 14 ഇന്നിങ്‌സുകളില്‍ നിന്ന് 238 റണ്‍സാണ് ആകെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 126. സഞ്ജു തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയില്ലെങ്കില്‍ അത് ഇന്ത്യയുടെ ലോകകപ്പ് യാത്ര എളുപ്പമാക്കില്ല.







