കൊച്ചി: ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി- മോഹന്‍ ലാല്‍ ചിത്രം പാട്രിയറ്റിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 23 ന് ആഗോളമായി റിലീസ് ചെയ്യും. പൃഥ്വിരാജ്, ടോവീനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ബേസില്‍ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ന്‍, നസ്ലെന്‍, നസ്രിയ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നാല്‍പ്പതിലധികം താരങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍ മലയാളത്തില്‍ പുറത്തു വിട്ടത്.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകള്‍ വിജയ് ദേവരകൊണ്ട, അറ്റ്‌ലി, കരണ്‍ ജോഹര്‍ എന്നിവരാണ് പുറത്തു വിട്ടത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരുടെയും പോസ്റ്ററുകള്‍ പുറത്തു വന്നിരുന്നു. ‘Dissent is patriotic, In a world full of traitors, be a Patriot !’ എന്ന ടാഗ് ലൈനോടെ ആയിരുന്നു പോസ്റ്ററുകള്‍ റിലീസ് ചെയ്തത്.
മമ്മൂട്ടിയും മോഹന്‍ലാലും 17 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. ‘ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാന്‍വാസിലുമാണ് ഒരുക്കുന്നത്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ‘പാട്രിയറ്റ്’ പൂര്‍ത്തിയായത്.
‘ട്വന്റി 20’ക്ക് ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും മുഖ്യവേഷത്തിലെത്തുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോള്‍ ‘പാട്രിയറ്റി’നാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. 2024 നവംബര്‍ മാസത്തില്‍ ശ്രീലങ്കയില്‍ ചിത്രീകരണം ആരംഭിച്ച ‘പാട്രിയറ്റ്’, ഡല്‍ഹി, മുംബൈ, ഹൈദ്രാബാദ്, കൊച്ചി എന്നീ ഇന്ത്യന്‍ നഗരങ്ങളിലും ചിത്രീകരിച്ചു.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നുള്ള സൂചനയാണ് ടീസര്‍ നല്‍കിയത്. ചിത്രം രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്.
മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദന്‍ ആണ്. സംവിധായകന്‍ മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.







