തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്തെ ട്രെയിന്‍ ഗതാഗതത്തിന് നേരെ അട്ടിമറി നീക്കങ്ങള്‍ ഉണ്ടായേക്കാമെന്ന് ആര്‍പിഎഫ് മുന്നറിയിച്ചു . ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനോട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നിര്‍ദേശിച്ചു.
റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം നിര്‍മാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതിലൂടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് റെയില്‍വേ സുരക്ഷാ വിഭാഗത്തിന്റെ ശ്രമം.
അതിനിടെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഡെല്‍ഹിയിലും ജമ്മുകശ്മീരിലും മറ്റ് നഗരങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ’26-26′ കോഡില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദും ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
അയോധ്യയിലെ രാമക്ഷേത്രവും ജമ്മുവിലെ രഘുനാഥ ക്ഷേത്രവും കൂടാതെ മറ്റ് ക്ഷേത്രങ്ങളും നഗരങ്ങളും തീവ്രവാദികള്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ച മുന്നറിയിപ്പ്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണ് അക്രമത്തിന് പദ്ധതിയിടുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന സൂചന.







