പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ – മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കട തുറക്കാന്‍ ഉടമ ജയരാജന്‍ എത്തിയപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ വാതില്‍ക്കല്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
ജയരാജന്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തങ്ങള്‍ കാണുമ്പോള്‍ കുഞ്ഞ് തണുത്തു വിറക്കുന്നുണ്ടായിരുന്നുവെന്നും ഉടന്‍ തന്നെ തുണികൊണ്ട് പുതപ്പിച്ചുവെന്നും ജയരാജന്റെ ഭാര്യ ഇന്ദു പറഞ്ഞു.







