തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷികളാകുന്ന യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും അവരുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷനു തുടക്കം കുറിച്ച് കേരള പൊലീസ്. ‘റെയില്‍ മൈത്രി’ എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
കേരള റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. ‘റെയില്‍ മൈത്രി’ ആപ്ലിക്കേഷനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ ‘പോല്‍’ ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ആപ്പില്‍ ആദ്യഘട്ടത്തില്‍ അഞ്ച് സേവനങ്ങള്‍ ലഭ്യമാകും.
- Lonely Passenger (തനിച്ച് യാത്രചെയ്യുന്നവര്‍): ട്രെയിനില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ തനിച്ച് യാത്രചെയ്യുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇത്തരത്തില്‍ സഹായം ആവശ്യപ്പെടുന്ന യാത്രക്കാരെ റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കാണുകയും ആവശ്യമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
- Shops on Platform (പ്ലാറ്റ് ഫോമിലെ കടകള്‍): ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ക്ക് വിവിധ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകുന്നു.
- Secret Information (രഹസ്യ വിവരങ്ങള്‍): ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ക്ക് യാത്രക്കിടയില്‍ സംഭവിച്ചതോ, യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പട്ടതോ ആയ രഹസ്യവിവരങ്ങള്‍ ആപ്പുവഴി പൊലീസിനെ അറിയിക്കാം. ഇത് യാത്രക്കാരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.
- Lost Property Gallery: (നഷ്ടപ്പെട്ട സാധനങ്ങളുടെ പ്രദര്‍ശനം) ട്രെയിന്‍ യാത്രക്കിടയില്‍ നഷ്ടപ്പെട്ടതും പൊലീസിന്റെ കൈവശം ലഭിച്ചതുമായ വിവിധ വസ്തുക്കളുടെ ഫോട്ടോകള്‍ ആപ്പിലൂടെ പ്രദര്‍ശിപ്പിക്കും. ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കളോടൊപ്പം അവ ലഭിച്ച സ്ഥലം, തീയതി, ട്രെയിന്‍ കൂടാതെ ഇപ്പോള്‍ ഈ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങളും പ്രദര്‍ശിപ്പിക്കും. ഇത് നഷ്ടപ്പെട്ട വസ്തുക്കള്‍ യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുന്നതിന് സഹായകരമാകും.
- Report An Incident (സംഭവങ്ങള്‍ അറിയിക്കുക): ട്രെയിന്‍ യാത്രക്കിടയില്‍ നടക്കുന്ന വിവിധ സംഭവങ്ങളെപ്പറ്റി യാത്രക്കാര്‍ക്ക് പൊലീസിനെ ആപ്പിലൂടെ അറിയിക്കാം. ട്രെയിനിന്റെ ഉള്‍വശം, പ്ലാറ്റ്‌ഫോം, ട്രാക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റിയും റിപ്പോര്‍ട്ട് ചെയ്യാനാവും.







